ആരോഗ്യ സുരക്ഷ ഉറപ്പാക്കി ജില്ലാതല കണ്‍ട്രോള്‍ സെല്‍; ജാഗ്രത കര്‍ശനമായി തുടരുന്നു

ആരോഗ്യ സുരക്ഷ ഉറപ്പാക്കി ജില്ലാതല കണ്‍ട്രോള്‍ സെല്‍; ജാഗ്രത കര്‍ശനമായി തുടരുന്നു

മലപ്പുറം: കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. സാമൂഹ്യ വ്യാപനം തടയുന്നതിനായി ജില്ലാതല കണ്‍ട്രോള്‍ സെല്ല് സജ്ജീവമായ പ്രവര്‍ത്തനത്തിലാണ്. ഇന്ന് 214 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് 1,052 പേരുമായി വിദഗ്ധ സംഘം ഫോണ്‍ വഴി ബന്ധപ്പെട്ടു. 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 484 മുതിര്‍ന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 1,769 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഇന്ന് ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 6,473 കുടുംബങ്ങളെ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

Sharing is caring!