പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് മുനവറലി തങ്ങള്‍

പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് മുനവറലി തങ്ങള്‍

മലപ്പുറം: വൈറ്റ് ഗാര്‍ഡ് മെഡി ചെയിന്‍ പ്രവര്‍ത്തനം തടഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗ് പാര്‍ട്ടിയുടെ മുഖമുദ്രയാണ് കാരുണ്യ പ്രവര്‍ത്തനം. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല മുസ്ലിംലീഗ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്താറുള്ളത്. വസൂരിയും കോളറയും പടര്‍ന്നു പിടിച്ച കാലം തൊട്ടേ തുടങ്ങിയ സന്നദ്ധ സേവനമാണ്. ആ പാരമ്പര്യം ഈ കോവിഡ് കാലത്തും തുടരുക തന്നെ ചെയ്യും. മുസ്ലിം യൂത്ത്‌ലീഗിന്റെ വൈറ്റ്ഗാര്‍ഡ് സംസ്ഥാനത്തുടനീളം മെഡിചെയിന്‍ എന്ന പേരില്‍ മരുന്നെത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പാവങ്ങള്‍ക്കാണ് ഈ സന്നദ്ധ പ്രവര്‍ത്തനം സഹായം ചെയ്യുന്നത്. മുസ്ലിംലീഗിന്റെ പ്രാദേശിക ഘടകങ്ങളും വിദേശ രാജ്യങ്ങളിലെ കെ.എം.സി.സി ഘടകങ്ങളും കൊറോണക്കാലത്ത് ജീവന്‍ പണയം വെച്ചാണ്, ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. അത് പോലും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്.

സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്ന് ലോക് ഡൗണ്‍ കാലത്തെ സന്നദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇതിനാല്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസത്തില്‍ ഖേദമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. തീരദേശത്ത് റിലീഫ് നടത്താന്‍ മുന്നിട്ടിറങ്ങിയ കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ആസിഫ് കലാമിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലല്ല. ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് ദിവസവും വാര്‍ത്ത സമ്മേളനം വിളിച്ച് പറയുന്ന മുഖ്യമന്ത്രി, പാവങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുള്ള ഈ സമയത്ത് സന്നദ്ധ പ്രവര്‍ത്തനം പാടില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും. പ്രളയകാലത്ത് നാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്. നിലവില്‍ പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നതും ഇതേ അവസ്ഥയിലാണ്. പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു ദുരന്തമുഖത്തെ ജനതയുടെ പൂര്‍ണ്ണമായ അതിജീവനം സാധ്യമാകണമെങ്കില്‍, രാജ്യത്തിന്റെ സ്പന്ദനങ്ങളറിയുന്ന തീരുമാനങ്ങള്‍ അനിവാര്യമാണ്. ലോക് ഡൗണ്‍ കാലത്തെ ഇന്ത്യയുടെ നേര്‍ച്ചിത്രം വേദനാജനകമാണ്.
പെട്ടെന്നുള്ള തീരുമാനം വഴി പ്രതിസന്ധിയിലായ തൊഴിലാളികള്‍, നിത്യ കൂലിയാല്‍ അരവയര്‍ നിറച്ചിരുന്ന ദരിദ്രകോടികള്‍, രോഗികള്‍,നിലച്ച കാര്‍ഷിക വൃത്തി ഉപജീവനത്തെ വഴിമുട്ടിച്ചവര്‍,അവര്‍ക്കു വേണ്ടിയുള്ള കരുതലിന്റെ കൂടി പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന രാജ്യത്തെയാണ് പ്രധാനമന്ത്രി നിരാശനാക്കിയിരിക്കുന്നത്.

ജനങ്ങളുടെ പ്രതിസന്ധികള്‍ക്കും വേദനകള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും എങ്ങനെ ആശ്വാസം നല്‍കാമെന്നത് പരിഗണനാ വിഷയമേ ആകാത്ത പ്രതീകാത്മക പ്രഖ്യാപനങ്ങള്‍ കൊണ്ട് പ്രയോജനമില്ല. ഒരു ദുരന്ത ഘട്ടത്തെ അതിജീവിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് പ്രതീകാത്മകതയല്ല, പ്രായോഗികതയാണ് ആവശ്യമായിട്ടുള്ളത്.

ലോക്ഡൗണിന് ശേഷമുള്ള, ജനതയുടെ നിത്യനിദാന പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവിയെ കുറിക്കുന്ന വീക്ഷണങ്ങളോ ഇല്ലാത്ത പ്രകടനം മാത്രമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ മാറുന്നു.എല്ലാ കാര്യങ്ങളും വിജയകരമായി മുന്നോട്ടു പോകുന്നു എന്ന പ്രതീതി അദ്ദേഹം ജനിപ്പിക്കുന്നു. എന്നാല്‍ പരിതാപകരമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു.

ഇരുട്ടിനെ മാറ്റി പൂര്‍ണ്ണമായും പ്രകാശം പ്രസരിപ്പിക്കാനുള്ള യാതൊരു കാര്യപരിപാടിയും ജനങ്ങള്‍ക്ക് മുമ്പിലവതരിപ്പിക്കാതെ, സൂര്യാസ്തമയത്തെ മെഴുകു തിരി വെട്ടം കൊണ്ട് മറികടക്കാമെന്ന അപ്രായോഗികമായ ചിന്തകള്‍ പങ്ക് വെക്കുകയാണ് ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പിലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!