എടവണ്ണ പഞ്ചായത്തിലെ വൃക്ക രോഗികകള്‍ക്കുള്ള മരുന്ന് വീടുകളിലെത്തിച്ച് നല്‍കി പി കെ ബഷീര്‍ എം എല്‍ എ

എടവണ്ണ പഞ്ചായത്തിലെ വൃക്ക രോഗികകള്‍ക്കുള്ള മരുന്ന് വീടുകളിലെത്തിച്ച് നല്‍കി പി കെ ബഷീര്‍ എം എല്‍ എ

എടവണ്ണ: പഞ്ചായത്തില്‍ മരുന്ന് വാങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന വൃക്ക രോഗികള്‍ക്ക് പി കെ ബഷീര്‍ എം എല്‍ എ രണ്ട് ആഴ്ചയിലേക്കുള്ള മരുന്നുകള്‍ എത്തിച്ചു നല്‍കി. എടവണ്ണ പഞ്ചായത്ത് കൊറോണ അവലോകന യോഗത്തില്‍ മെഡിക്കല്‍ ഓഫിസറാണ് മരുന്നിന്റെ കുറവ് എം എല്‍ എയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇതേ തുടര്‍ന്നാണ് എം എല്‍ എ സ്വന്തം നിലയ്ക്ക് മരുന്നുകള്‍ വാങ്ങി രോഗികളുടെ വീടുകളിലെത്തിച്ചത്. പഞ്ചായത്തിലെ 20 രോഗികള്‍ക്ക് എം എല്‍ എ യുടെ പ്രവര്‍ത്തനം ആശ്വാസമായി.

പഞ്ചായത്തില്‍ മരുന്ന് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചത് 15 ഡയാലിസിസ് രോഗികളും 5 കിഡ്നി ട്രാന്‍സ്പ്ലാന്റ് രോഗികളുമാണ്. എം എല്‍ എ യുടെ നേതൃത്വത്തില്‍ വൈറ്റ്ഗാര്‍ഡ് വളണ്ടിയേര്‍സ് ഓരോരുത്തരുടെയും വീടുകളില്‍ മരുന്നുകളെത്തിച്ചു നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവ വഴിയാണ് ഇവര്‍ മരുന്നുകള്‍ ലഭ്യമാക്കിയിരുന്നത്. ലോക്ക് ഡൗണ്‍ വന്നതോടെ മരുന്ന് ലഭിക്കുന്നതിന് ബുദ്ധിമുട്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകളും യാത്രാ ബുദ്ധിമുട്ടുകളും നേരിട്ട ഇവര്‍ക്ക് ഇന്നലെ വൈകുന്നേരം 4 മണിയോടെ ആവശ്യമായ മരുന്നുകള്‍ എത്തിച്ച് നല്‍കി.

പറഞ്ഞ സമയം കൊണ്ട് മരുന്ന് രോഗികളുടെ വീട്ടില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ വൈറ്റ്ഗാര്‍ഡ് വളണ്ടിയേര്‍സിനും നന്ദി അറിയിക്കുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് ഇത്തരം രോഗങ്ങളിലൂടെ കടന്ന് പോകുന്നവരുടെ കാര്യം കഷ്ടമാണ്. പലര്‍ക്കും സ്ഥിരവരുമാനം ഇല്ലാതായിരിക്കുന്നു. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.

Sharing is caring!