രാഹുല്‍ ഗാന്ധിക്കെതിരായ സി പി എം പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ്; വി വി പ്രകാശ്

രാഹുല്‍ ഗാന്ധിക്കെതിരായ സി പി എം പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ്; വി വി പ്രകാശ്

മലപ്പുറം: രാഹുല്‍ ഗാന്ധി എം പി മഞ്ചേരി മെഡിക്കല്‍ കോളേജിന് കോവിഡ് 19 സാഹചര്യത്തില്‍ പ്രഖ്യാപിച്ച എം.പി ഫണ്ട് ലഭിച്ചില്ല എന്ന തരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവും രാഷ്ട്രീയ മുതലെടുപ്പിനുളള ശ്രമവുമാണെന്ന് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ വി വി പ്രകാശ്. ഇത് പിന്‍വലിച്ചു മാപ്പുപറയാന്‍ സിപിഐഎം ജില്ലാ നേതൃത്വം തയ്യാറാകണമെന്ന് വി വി പ്രകാശ് ആവശ്യപ്പെട്ടു.

പ്രഖ്യാപിച്ച ഒരു കോടി 45 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നും കഴിഞ്ഞ മാസം 23-ാം തിയതി തന്നെ അനുവദിച്ചു കലക്ടര്‍ക്ക് കത്ത് നല്‍കിയതാണ് 27-ാം തിയതി അതിനുള്ള ഭരണാനുമതി കളക്ടര്‍ നല്‍കിയതുമാണ് എന്നാല്‍ ചില ഉപകരണങ്ങളുടെ വിലയില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും ഈ മാസം രണ്ടാം തിയതി കലക്ടര്‍ പുതുക്കിയ ഭരണാനുമതി നല്‍കുകയും ചെയ്തതാണ്. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും ,അഴിമതിയും, മറച്ചുവെക്കാന്‍ ഇല്ലാത്ത കഥകള്‍ മെനഞ്ഞെടുക്കുകയാണ് സിപിഎം ചെയ്യുന്നത് .

പ്രളയകാലത്ത് ഉള്‍പ്പെടെ സാമ്പത്തിക പരാധീനതയില്‍ നട്ടംതിരിയുന്ന കേരള സര്‍ക്കാരിനെ സഹായിക്കാന്‍ ഒരു ദേശീയ നേതാവ് എന്ന നിലയില്‍ മറ്റുള്ള സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും എംപിമാരില്‍ നിന്നും വലിയ സാമ്പത്തിക സഹായവും മറ്റു സഹായവുമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തിച്ചത്.

കോവിഡ്19 പടരുന്ന സാഹചര്യത്തില്‍ മലപ്പുറം പോലുള്ള ഒരു ജില്ലയിലേക്ക് ഇത്രയും സഹായങ്ങളും മറ്റുള്ള സംസ്ഥാനങ്ങളിലെ എംപിമാരില്‍ നിന്നും സഹായവും എത്തിച്ചു തന്നതിന് നന്ദി രേഖപ്പെടുത്തുന്നതിനു പകരമായി രാഹുല്‍ഗാന്ധിക്കെതിരെ കഥകള്‍ പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയമായി ജനങ്ങള്‍ വിലയിരുത്തുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ വി വി പ്രകാശ് പറഞ്ഞു

Sharing is caring!