മുഖ്യമന്ത്രി അഹങ്കാരി. സര്‍ക്കാര്‍ മിതത്വം പാലിക്കണം :ഇ.ടി

മുഖ്യമന്ത്രി അഹങ്കാരി. സര്‍ക്കാര്‍ മിതത്വം പാലിക്കണം :ഇ.ടി

മലപ്പുറം: സന്നദ്ധ പ്രവര്‍ത്തകന്മാരോടും ബുദ്ധിമുട്ടുകളില്‍ തന്നാലാകുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരോടും മുഖ്യമന്ത്രിയും മറ്റും നടത്തുന്ന പ്രസ്താവനകളും കൊയിലാണ്ടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആസിഫ് കമാലിനു എതിരെ എടുത്ത നടപടികള്‍ എല്ലാം തന്നെ കാണിക്കുന്നത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഹങ്കാരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.
കൊയിലാണ്ടിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തങ്ങളാല്‍ ആകുന്നവിധം അവരുടെ കഷ്ടത മാറ്റാന്‍ പ്രവര്‍ത്തിച്ച ഒരു ചെറുപ്പക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. മാത്രമല്ല ഈ കേസെടുക്കുന്നതിനു മുമ്പ് യുദ്ധ രംഗത്തേക്കോ മറ്റോ പോകുന്നത് പോലെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ എസ് പി യടക്കം അവിടെ ചെന്ന് ഈ കുട്ടിക്കെതിരെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവിടെ മുഖ്യമന്ത്രി മനസ്സിലാക്കേണ്ട ഒരു കാര്യം കേരളത്തില്‍ കഴിഞ്ഞ കാലവര്‍ഷ കെടുതിയുടെ കാലത്തും ഇപ്പോള്‍ തന്നെയും നടന്നുവരുന്ന ഏത് ജീവകാരുണ്യ, രക്ഷാ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ മേല്‍വിലാസത്തിലെ നടത്താവൂ മറ്റാര്‍ക്കും സേവന രംഗത്തേക്ക് വരാന്‍പാടില്ല എല്ലാ സേവനവും തന്റെ പേരിലോ തന്റെ ഗവണ്മെന്റിന്റെ പേരിലോ തന്നെയാകണം എന്ന മുഷ്‌ക് തെറ്റാണ്. കേരളം ഒരുപാട് നല്ല മനസ്സുള്ളവരുടെ നാടാണ് കഴിഞ്ഞ പ്രളയകാലത്ത് സ്വന്തം ജീവന്‍പോലും അപകടപെടുത്തി എത്രയോ മനുഷ്യരെ രക്ഷിക്കാന്‍ ആത്മാര്‍ത്ഥത കാണിച്ച യുവാക്കളാണ് ഈ നാട്ടിലുള്ളത്. ഇപ്പോള്‍ മരുന്ന് കൊണ്ടുകൊടുക്കുന്ന ആളുകളെ അങ്ങോട്ട് പോകാന്‍ സമ്മതിക്കില്ല എന്തിനാണ് മരുന്നുകൊടുക്കാന്‍ പോകുന്നത് എന്ന തരത്തിലുള്ള ചോദ്യം വഴിയില്‍വെച്ച് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള മെഡിചെയിന്‍ പ്രവര്‍ത്തകരോട് ചോദിച്ചതായിട്ടുള്ള പരാതിപോലും ഉയര്‍ന്നുവന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ കാലത്തും സര്‍ക്കാര്‍ ഈ പൊങ്ങച്ചമെല്ലാം നടിച്ചത് പാവപെട്ട ആളുകള്‍ ചെയ്തിട്ടുള്ള സേവനത്തിന്റെയും ക്യാമ്പുകളില്‍ അവര്‍ കൊടുത്തിട്ടുള്ള ഭക്ഷണത്തിന്റെയും വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും ആളുകളെ രക്ഷപെടുത്തുന്നതിനു കാണിച്ച സാഹസികത നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്
. ഇത് എല്ലാം സര്‍ക്കാരിന്റെ അക്കൗണ്ടിലാക്കി മേനി നടിക്കുന്ന ജോലി ഇടതു സര്‍ക്കാര്‍ നന്നായി ചെയ്യുന്നുണ്ട്. അതിന് പറ്റിയ തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍ അവര്‍ എടുക്കുന്നുണ്ട്. പക്ഷെ യാഥാര്‍ഥ്യബോധമില്ലാത്ത ഇത്തരത്തിലുള്ള അഹങ്കാര സമീപനങ്ങള്‍ അവസാനിപ്പിക്കുകയും രാജ്യം ആകെ
നേരിടുന്ന ഈ പ്രതിസന്ധിയില്‍ പ്രത്യേകിച്ചും സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് എല്ലാ നിയമ വ്യവസ്ഥിതിക്കും ഉള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ സേവനരീതി ഒരുക്കികൊടുക്കുകയും ചെയ്യുക എന്നുള്ളത് ഒരു സര്‍ക്കാറിന്റെ കടമയാണ്. അതിനു പകരം അവരോട് പകവീട്ടുന്ന തരത്തിലുള്ള സമീപനം ഒരിക്കലും വെച്ചുപൊറുപ്പിക്കരുത്. മുഖ്യമന്ത്രി ഇത് തിരിച്ചറിയണം എല്‍ ഡി എഫ് ഗവണ്മെന്റിന്റെ ഈ ധാര്‍ഷ്ട്യതിനെതിരെ പ്രതികരിക്കണം.

അതുപോലെ സാലറി ചലഞ്ചിന് വഴങ്ങാത്തവരില്‍ നിന്നു അത് പിടിച്ചുവാങ്ങുമെന്ന് പറയുന്ന ധനകാര്യ മന്ത്രി തോമസ് ഐസക്ക് പരാക്രമിയെപ്പോലെ സംസാരിക്കരുത് . ഒരു ദുരിതം അനുഭവിക്കുന്ന സമയത്ത് ഒരു മാസത്തെ ശമ്പളമോ അതിന് അപ്പുറവും ചെയ്യാന്‍ മനസ്സുള്ളവരാണ് ഈ നാട്ടിലുള്ളവര്‍. ചിലര്‍ക്ക് അതിന് പറ്റാതെയും വരാം. ഒരു മാസത്തെ ശമ്പളം കൊടുത്തുകഴിഞ്ഞാല്‍ ആ മാസത്തെ ഫാമിലി ബഡ്ജറ്റ് തകിടം മറിയുന്ന ജീവനക്കാരുമുണ്ടാവും. അത്തരത്തിലുള്ള ആളുകള്‍ക്ക് നിവൃത്തിയില്ലാതെ വരുന്ന സമയത്ത് സാധിക്കില്ലെന്ന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടാകണം. സര്‍ക്കാര്‍ സംസാരിക്കേണ്ടത് മിതത്വത്തിന്റെ ഭാഷയിലാണ് അല്ലാതെ പിടിച്ചുപറി രൂപത്തില്‍ അല്ലെന്നും. ഇ. ടി. മുഹമ്മദ് ബഷീര്‍. എം. പി പറഞ്ഞു.

Sharing is caring!