താനൂരില്‍ ട്രോമാകെയര്‍ വളണ്ടിയറെ കൈക്കോട്ട് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം

താനൂരില്‍ ട്രോമാകെയര്‍  വളണ്ടിയറെ കൈക്കോട്ട്  ഉപയോഗിച്ച് ആക്രമിച്ച്  കൊലപ്പെടുത്താന്‍ ശ്രമം

താനൂര്‍: താനൂരില്‍ ട്രോമാകെയര്‍ വളണ്ടിയറെ കൈക്കോട്ട് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പണ്ടാരകടപ്പുറം സ്വദേശി പൗറുകടവത്ത് ജാബിറി(27)നെയാണ് ആക്രമിച്ചത്. സംഭവത്തിനുപിന്നില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചീമ്പാളിന്റെ പുരക്കല്‍ യൂസഫാണെന്നു ജാബിറിന്റെ മൊഴി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് താനൂര്‍ നഗരത്തില്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ സേവനം നടത്തുന്നുണ്ട്. പുലര്‍ച്ചെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ കെപിസിസി റോഡിന് സമീപത്തെ ലീഗ് ഓഫീസിനു മുന്‍ വശത്തു വച്ചാണ് സംഭവം ഉണ്ടായത്.

ബൈക്കില്‍ പോവുകയായിരുന്ന ജാബിറിനെ കണ്ടയുടന്‍ മുഖംമൂടിയണിഞ്ഞെത്തിയ അഞ്ചോളം പേര്‍ കൈക്കോട്ട് ഉപയോഗിച്ച് വെട്ടുകയാണ് ഉണ്ടായതെന്നാണ് പരാതി. കാലിന് പരിക്കേറ്റ് വീണ ജാബിര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികള്‍ തലയ്ക്ക് അടിച്ചു. ഇതോടെ ഹെല്‍മെറ്റ് തകര്‍ന്നു. ഇതിനിടയില്‍ മുഖംമൂടി അഴിഞ്ഞതോടെ പ്രതിയെ വ്യക്തമായതായും ജാബിര്‍ പോലീസിന് മൊഴി നല്‍കി.

ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എഴുന്നേറ്റതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ജാബിര്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് താനൂര്‍ എസ്ഐ നവീന്‍ ഷാജ് സംഭവസ്ഥലത്തെത്തി. നഗരത്തില്‍ ഉണ്ടായിരുന്ന ട്രോമാകെയര്‍ വളണ്ടിയര്‍മാരായ കെപി ജയ്സല്‍, കെ ബഷീര്‍, സലാം അഞ്ചുടി എന്നിവര്‍ ചേര്‍ന്ന് ജാബിറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കൈയ്ക്കും, ഇടതു കാലിനും ഗുരുതര പരിക്കേറ്റു.

പ്രതിയും സംഘവും ഇരിക്കാറുള്ള താല്‍ക്കാലിക ഷെഡ് കഴിഞ്ഞദിവസം പൊലീസ് ഇടപെട്ട് പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പിന്നില്‍ ജാബിര്‍ ആണെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്ന് ജാബിര്‍ പറഞ്ഞു. ജാബിറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!