മലപ്പുറം ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം തുടങ്ങി

മലപ്പുറം ജില്ലയില്‍  സൗജന്യ റേഷന്‍  വിതരണം തുടങ്ങി

മലപ്പുറം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കി സൗജന്യറേഷന്‍ വിതരണം ജില്ലയില്‍ തുടങ്ങി. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം അനുസരിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണ പ്രകാരം റേഷന്‍ സാധനങ്ങള്‍ ഏപ്രില്‍ അഞ്ചുവരെ വാങ്ങാമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ ഏപ്രില്‍ 20 വരെ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശമെങ്കിലും വാങ്ങാനാത്തവര്‍ക്ക് 30 വരെ റേഷന്‍ നല്‍കും. കോവിഡ് കാലത്തെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സൗജന്യ റേഷന്‍ വിതരണത്തിന് ജില്ലയില്‍ തുടക്കമായത്. ഒരു സമയം അഞ്ച് പേരെ മാത്രം നിശ്ചിത അകലത്തില്‍ ക്യൂവില്‍ നിര്‍ത്തിയാണ് വിതരണം ചെയ്തത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. ഉച്ച കഴിഞ്ഞ് നീല , വെള്ള കാര്‍ഡുകള്‍ക്കും വിതരണം ചെയ്തു. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകളുള്ളവര്‍ക്കായിരുന്നു ആദ്യ ദിവസം വിതരണം ചെയ്തത്. ഇന്ന്(ഏപ്രില്‍ രണ്ട്) രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകളുള്ളവര്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാം. റേഷന്‍ കടകളില്‍ എത്തുന്ന ഗുണഭോക്താക്കള്‍ നിശ്ചിത അകലം പാലിച്ച് ജാഗ്രതയോടെ ഉത്പന്നങ്ങള്‍ കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

Sharing is caring!