നിസാമുദ്ദീന്‍ സന്ദര്‍ശിച്ച ആന്ധ്ര സ്വദേശിയെ പോലീസ് ഇടപെട്ട് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

നിസാമുദ്ദീന്‍ സന്ദര്‍ശിച്ച  ആന്ധ്ര സ്വദേശിയെ പോലീസ്  ഇടപെട്ട് മഞ്ചേരി മെഡിക്കല്‍  കോളജിലേക്ക് മാറ്റി

മലപ്പുറം: കോവിഡ് ബാധിതന്‍ പങ്കെടുത്ത ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത അതിഥി തൊഴിലാളിയെ തിരൂര്‍ പോലീസ് ഇടപെട്ട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പ്ര മില്ലുംപടിയില്‍ താമസിക്കുന്ന മാര്‍ബിള്‍, ടൈല്‍സ് തൊഴിലാളിയാണ് നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 18ന് തിരിച്ചെത്തിയത്. നാട്ടില്‍ പോയി വന്നതാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നിസാമുദ്ദീനില്‍ എത്തിയതായി വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നഗരസഭാധികൃതരും ആരോഗ്യ പ്രവര്‍ത്തകരും അതിഥി തൊഴിലാളി താമസിച്ച പ്രദേശത്തെത്തി ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.നിസാമുദ്ദീന്‍ സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരാരും ജില്ലയിലേക്കു തിരിച്ചു വന്നിട്ടില്ല. ഡല്‍ഹിയില്‍തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ പോലീസ് 67 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തു. വിവിധ സേ്റ്റഷനുകളിലായി 83 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായും ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 31 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 372 ആയി. 518 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 77 വാഹനങ്ങളും പിടിച്ചെടുത്തു.കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ആരോഗ്യ ജാഗ്രത ലംഘിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിനും ഇന്നലെ 76 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ ഇതുവരെ 394 കേസുകള്‍ വിവിധ പൊലീസ് സേ്റ്റഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Sharing is caring!