കര്‍ണ്ണാടകയില്‍ കുടുങ്ങിയ മലപ്പുറത്തുകാര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പ് വരുത്തണം അബ്ദുറബ്ബ് എം.എല്‍.എ

കര്‍ണ്ണാടകയില്‍ കുടുങ്ങിയ മലപ്പുറത്തുകാര്‍ക്ക് താമസവും  ഭക്ഷണവും ഉറപ്പ് വരുത്തണം അബ്ദുറബ്ബ് എം.എല്‍.എ

തിരൂരങ്ങാടി: രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കര്‍ണ്ണാടകയില്‍ കുടുങ്ങിയവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പ് വരുത്തണമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. കര്‍ണ്ണാടക എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഹര്‍ഷ വര്‍ദ്ധനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് അബ്ദുറബ്ബ് ഇക്കാര്യം അറിയിച്ചത്. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ചെറുമുക്കിലുള്ള നിരവധി പേരെ നാട്ടിലെത്തിക്കുന്നതിന് വേണ്ട സംവിധാനമൊരുക്കാനാണ് എം.എല്‍.എയുമായി ബന്ധപ്പെട്ടത്. അവര്‍ക്ക് ഭക്ഷണവും താമസവും ഉറപ്പ് വരുത്തുമെന്നും നിയന്ത്രണത്തില്‍ ഇളവ് വന്നാല്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ധേഹം ഉറപ്പ് നല്‍കി.
കൊടിഞ്ഞി, ചെറുമുക്ക്, കുണ്ടൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, തെന്നല, പെരുമണ്ണ, എടരിക്കോട് എന്നിവിടങ്ങളിലെ 332 പേരാണ് വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനും അവിടെ എല്ലാ സൗകര്യങ്ങളൊരുക്കാനും അവിടത്തെ ഭരണ കര്‍ത്താക്കളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അതത് പ്രദേശത്തെ കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു.
കര്‍ണ്ണാടകക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, പുനെ, മുബൈ, ഗുജറാത്ത്, തെലുങ്കാന, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളിലെല്ലാം മണ്ഡലത്തിലുള്ളവര്‍ കുടുങ്ങി കിടക്കുന്നുണ്ട്. നാട്ടിലെ അവരുടെ കുടുംബത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കുമെന്നും അവരെ നാട്ടിലെത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്ത് വരികയാണെന്നും അബ്ദുറബ്ബ് പറഞ്ഞു.

Sharing is caring!