ജില്ലയില്‍ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ തുറന്നു; കെ.ടി ജലീല്‍

ജില്ലയില്‍ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ തുറന്നു; കെ.ടി ജലീല്‍

മലപ്പുറം: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാനാകാതെ ജില്ലയില്‍ വഴിയില്‍ കുടുങ്ങിയ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കലക്ട്രേറ്റില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വഴിക്കടവ്, പെരിന്തല്‍മണ്ണ, അരീക്കോട്, കൊണ്ടോട്ടി, തിരൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് പുതിയതായി ഇതര സംസ്ഥാനക്കാര്‍ക്കായി ഷെല്‍ട്ടറുകള്‍ ആരംഭിച്ചത്.

പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തിയവരെ പിടികൂടാനായിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴിയും പാചകത്തിന് സൗകര്യവും സ്വയം പാകം ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരുമായ ഇതര സംസ്ഥാനക്കാര്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണക്കിറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ ആറ് ഡി അഡിക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

മദ്യാസക്തര്‍ക്കായി ജില്ലയില്‍ ആറ് ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി പറഞ്ഞു. നിലമ്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, മലപ്പുറം, എം.ഇ.എസ് മെഡിക്കല്‍ കോളേജ്, മഅദിന്‍ അക്കാദമി എന്നിവിടങ്ങളിലാണ് പത്ത് ബെഡുകള്‍ വീതമുള്ള ഡി അഡിക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സൈക്യാട്രിസ്റ്റിന്റെ സേവനമുള്‍പ്പടെ ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് കെയര്‍ സെന്ററുകളില്‍ 6390 ബെഡുകള്‍ സജ്ജം

കോവിഡുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ശുചിമുറി സൗകര്യങ്ങളോട് കൂടി 6390 ബെഡുകള്‍ സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു.

ജില്ലയില്‍ നിരോധനാജ്ഞ തുടരും

ലോക്ക് ഡൗണ്‍ കാലാവധി തീരുന്നത് വരെ ജില്ലയില്‍ നിരോധനാജ്ഞ തുടരുമെന്ന് മന്ത്രി അറിയിച്ചു. മൊബൈല്‍ റീച്ചാര്‍ജിംഗ് കേന്ദ്രങ്ങളെ അവശ്യ സേവനമായി കരുതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കടകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടയുടമക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. റീച്ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി പരമാവധി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ സാധനങ്ങളുടെ വരവിന് തടസ്സങ്ങളില്ല

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള ചരക്ക് നീക്കത്തിന് നിലവില്‍ തടസ്സങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു. ചെക്ക് പോസ്റ്റുകള്‍ കടക്കുന്നതിന് റവന്യു, ആര്‍.ടി.ഒ, ആരോഗ്യ വകുപ്പ് എന്നിവര്‍ സംയുക്തമായി അനുവദിക്കുന്ന പാസുകള്‍ ഉപയോഗിക്കാം. നിലവില്‍ ഏഴ് ദിവസമായിരുന്ന പാസിന്റെ കാലാവധി 14 ദിവസമാക്കി നല്‍കിയിട്ടുണ്ട്.

സാമൂഹ്യ സേവനം വീട്ടിലിരുന്ന് മതി

കോവിഡ് വ്യാപനം തടയുന്നതിനായി സന്നദ്ധ സേവനത്തിന്റെ പേരില്‍ ആരും പൊതു രംഗത്തിറങ്ങി പ്രവര്‍ത്തിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷയാണ് സന്നദ്ധ സേവനത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ വീട്ടിലിരിക്കുകയാണ് ഉത്തമം. സാമൂഹിക അകലം പാലിക്കുകയാണ് നമുക്കിപ്പോള്‍ ചെയ്യാനുള്ളത്. അതേസമയം കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മുറക്ക് രംഗത്തിറങ്ങാമെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക അടുക്കളയില്‍ രാഷ്ട്രീയം വേണ്ട

തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയില്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രി. ഭക്ഷണപ്പൊതി വിതരണത്തിന് പോകുന്നവര്‍ ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനകളുടെയോ പേര് വെളിപ്പെടുത്തുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

കലക്ടറേറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പങ്കെടുത്തു

Sharing is caring!