കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഡോക്ടര്‍മാരടക്കം 118 ആരോഗ്യ പ്രവര്‍ത്തകരെ പുതുതായി നിയമിച്ചു: മന്ത്രി ഡോ. കെ.ടി ജലീല്‍

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഡോക്ടര്‍മാരടക്കം 118 ആരോഗ്യ പ്രവര്‍ത്തകരെ പുതുതായി നിയമിച്ചു: മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഡോക്ടര്‍മാരടക്കം 118 പുതിയ നിയമനങ്ങള്‍ നടത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍. ഇതില്‍ 24 പുതിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും ഉള്‍പ്പെടും. ജില്ലയിലെ 117 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതല്‍ തുടര്‍ച്ചയായി വൈകിട്ട് ആറു വരെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കി മാറ്റിയതിനാല്‍ ഇവിടെയുള്ള മറ്റ് രോഗികളെ ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേരിയിലെ വെട്ടേക്കോട്, മംഗലശ്ശേരി അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ആറ് മണി വരെ ആക്കിയതോടൊപ്പം ചെരണിയിലെ ജില്ലാ ടി.ബി ആശുപത്രിയില്‍ 24 മണിക്കൂറും ആരോഗ്യ ചികിത്സാ സേവനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍, വൃക്ക മാറ്റിവെക്കുന്നതുള്‍പ്പടെയുള്ള ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള മരുന്നുകള്‍ വാങ്ങാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനായി ആവശ്യമെങ്കില്‍ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ വാഹനങ്ങള്‍ ഉപയോഗപ്പെടുത്താം. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ മുടക്കം വരാതെ നോക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

ഒരേയൊരു പ്രാര്‍ത്ഥന മാത്രം

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഉള്‍പ്പടെ മാറ്റിവെക്കുന്നതില്‍ മത സംഘടന നേതാക്കള്‍ നല്‍കിയ പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. വലിയ സഹകരണമാണ് വിവിധ മത സംഘടനാ നേതാക്കള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നതില്‍ കാണിച്ചത്. വലിയൊരു ആള്‍ക്കൂട്ടം രൂപപ്പെടുന്നത് തടയാന്‍ ഇവരുടെ നീക്കത്തിലൂടെ സാധ്യമായതായും മന്ത്രി പറഞ്ഞു.

വീട്ടിലിരിക്കൂ സാമൂഹ്യ സേവകനാകൂ

സമൂഹത്തിന്റെ സുരക്ഷയാണ് നിങ്ങള്‍ സന്നദ്ധ സേവനത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ വീട്ടിലിരിക്കുകയാണ് ഉത്തമമെന്ന് മന്ത്രി. സന്നദ്ധ സേവനത്തിനായി ആളുകള്‍ പൊതു രംഗത്തേക്കിറങ്ങുന്നത് ഇപ്പോഴത്തെ സാഹച്ര്യത്തില്‍ വിപരീത ഫലമാണുണ്ടാക്കുക. സാമൂഹിക അകലം പാലിക്കുക മാത്രമാണ് നമുക്കിപ്പോള്‍ ചെയ്യാനുള്ളത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെടുന്ന മുറക്ക് അവര്‍ക്ക് രംഗത്തിറങ്ങാമെന്നും മന്ത്രി പറഞ്ഞു.

ഇവിടിപ്പോ ആര് വന്ന് നോക്കാനാ

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലായിടത്തും പോലീസ് എത്തുക എന്നത് സാധ്യമല്ല. സ്വയം തീരുമാനമെടുത്ത് പുറത്തിറങ്ങാതിരുക്കുകയാണ് ജനങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുണ്ടെങ്കില്‍ പോലീസിനെ വിവരമറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡിനേക്കാള്‍ ഭീകരന്‍ പക്ഷേ ശരിയാക്കാം

സംസ്ഥാനത്ത് കള്ളു ഷാപ്പുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും നിര്‍ത്തലാക്കിയതോടെ മദ്യാസ്‌ക്തരില്‍ ആത്മഹത്യ പ്രവണതകളുള്‍പ്പടെ കണ്ടുവരുന്നതായി മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി വിമുക്തി പദ്ധതിയിലൂടെ ചികിത്സയും പ്രത്യേക കൗണ്‍സലിംഗും ലഭ്യമാക്കും. ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്.

അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമില്ല

ജില്ലയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പാസ് അനുവദിച്ച് തുടങ്ങിയതോടെ ചെക്ക് പോസ്റ്റുകളില്‍ അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ലെന്നും നിലവില്‍ ജില്ലയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

സേവന സന്നദ്ധരായി അനസ്‌തേഷ്യ ഡോക്ടര്‍മാര്‍

ജില്ലയില്‍ എവിടേയും സേവനം ലഭ്യമാക്കാന്‍ ഒരുക്കമാണെന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

കലക്ടറേറ്റില്‍ നടന്ന കോവിഡ് 19 അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. രാജന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!