തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിക്ക് കൊറോണ, ജില്ലയിൽ ആകെ എട്ട് രോഗികൾ

മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയായ 46 കാരനാണ് വൈറസ്ബാധയുള്ളത്. ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം എട്ടായി. നേരത്തെ വൈറസ്ബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നയാളെ ജില്ലയിലേക്കു തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് ആകെ വൈറസ് ബാധിതരുടെ എണ്ണം എട്ടായി പ്രഖ്യാപിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വ്യക്തമാക്കി.
മാര്‍ച്ച് 21 നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിനോടൊപ്പം കാറില്‍ ഷാര്‍ജയിലെത്തി ജി.9 – 454 എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ 2.35ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരന്റെ കാറില്‍ തിരൂര്‍ പൊന്മുണ്ടം പാറമ്മലിലെ സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. 22 നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. 23ന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ ഉച്ചയ്ക്ക് 3.30ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിള്‍ നല്കിയ ശേഷം 7.30ന് തിരികെ വീട്ടിലെത്തി. ഇന്നലെ (മാര്‍ച്ച് 28) ആംബുലന്‍സില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാള്‍ കൈക്കൊണ്ടതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും അറിയിച്ചു. ഇയാള്‍ക്കൊപ്പം മാര്‍ച്ച് 21ന് കരിപ്പൂരിലെത്തിയ ജി.9 – 454 എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ജില്ലാതല കണ്ട്രോള് സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]