പോലീസുകാര്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ചിത്രീകരിച്ച ഗ്രാമപഞ്ചായത്ത് അംഗത്തിന് ക്രൂര മര്‍ദനം

പോലീസുകാര്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ചിത്രീകരിച്ച ഗ്രാമപഞ്ചായത്ത് അംഗത്തിന് ക്രൂര മര്‍ദനം

കോട്ടക്കല്‍: കോഴിച്ചന ആര്‍ആര്‍ആര്‍എഫ്‌ ക്യാംപില്‍ പോലീസുകാര്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം ഫേസ്ബുക്ക് ലൈവിട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് ക്രൂര മര്‍ദനം. മര്‍ദനത്തില്‍ പരിക്കേറ്റ സുഹൈല്‍ അത്താണിക്കലിനെയും ഗ്രാമപഞ്ചായത്ത് ഡ്രൈവര്‍ നിസാമുവിനെയും കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ഫുട്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ട ഗ്രാമപഞ്ചായത്ത് അംഗം സുഹൈല്‍ അത്താണിക്കല്‍ ദൃശ്യം ഫേസ്ബുക്കില്‍ ലൈവിടുകയായിരുന്നു. റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന പോലീസ് തന്നെ ഫുട്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ലൈവിട്ടതെന്ന് സുഹൈല്‍ പറഞ്ഞു.

തെന്നല പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയപ്പോളാണ് തൊട്ടടുത്തുള്ള പോലീസ് ഗ്രൗണ്ടില്‍ കൂട്ടം കൂടി ഫുട്‌ബോള്‍ കളിക്കുന്നത് കാണാനിടയായത്. ഇത് ലൈവിട്ട് തിരിച്ച് നടക്കുന്നതിനിടെ ഒരു പോലീസുകാരന്‍ പിന്നില്‍ നിന്നും കഴുത്തിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ എത്തിയതായും സുഹൈല്‍ പറഞ്ഞു.

Sharing is caring!