നിരോധനാജ്ഞ ലംഘിച്ച് പള്ളികളില്‍ സംഘം ചേര്‍ന്ന് നമസ്‌കാരം നടത്തിയതിന് മലപ്പുറത്ത് അഞ്ചു കേസുകള്‍

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിനായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് ഇന്നലെ 21 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 37 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 163 ആയി. 211 പേരെയാണ് സംഘം ചേരല്‍, ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇതുവരെ അറസ്റ്റ് ചെയ്തത്. 34 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പള്ളികളില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് നമസ്‌കാരം നടത്തിയതിന് അഞ്ചു കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേലാറ്റൂരില്‍ മൂന്ന്, പോത്തുകല്ല്, വഴിക്കടവ് പൊലീസ് സേ്റ്റഷനുകളില്‍ ഓരോ കേസുകള്‍ വീതവുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.കോവിഡ് 19 പ്രതിരോധ നടപടികള്‍ തുടരുമ്പോള്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കും ആരോഗ്യ ജാഗ്രത ലംഘിക്കുന്നവര്‍ക്കെതിരെയും പൊലീസ് നടപടികള്‍ തുടരുകയാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പുതുതായി ഇത്തരത്തിലുള്ള 77 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 179 ആയി.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 111 പേര്‍ക്ക് ഇന്നലെ മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,346 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ വ്യക്തമാക്കി. 90 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 11,236 പേര്‍ വീടുകളിലും 20 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ട്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് രോഗികളും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്.
ജില്ലയില്‍ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളില്‍ 346 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 134 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്നലെ 5,910 വീടുകളില്‍ സംഘങ്ങള്‍ സന്ദര്‍ശനം നടത്തി. വീടുകളില്‍ നിരീക്ഷണത്തിലുള്ള 143 പേര്‍ക്ക് ഇന്നലെ വിദഗ്ധ സംഘം കൗണ്‍സലിംഗ് നല്‍കി.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.
തിരൂരിലെ ഡോക്ടര്‍ അറസ്റ്റില്‍
കോറോണ രോഗവ്യാപനത്തിന് ഇടയാക്കും വിധം പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ഡോക്റ്റര്‍ അറസ്റ്റില്‍. പ്രാര്‍ത്ഥനക്കെത്തിയ മുപ്പതോളം പേര്‍ക്കെതിരെ കേസ്. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അലി അഷറഫിനെ ( 56) യാണ് തിരൂര്‍ സി ഐ ടി പി ഫര്‍ഷാദ് അറസ്റ്റ് ചെയ്തത്. നടുവിലങ്ങാടി ജുമാ മസ്ജിദില്‍ 30 ഓളം പേരെ വിളിച്ചു കൂട്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ക്കൊപ്പം പ്രാര്‍ത്ഥന നടത്തിയ മുപ്പതോളം പേര്‍ക്കെതിരെയും കേസെടുത്തു. കൊറോണ വ്യാപനം തടയാന്‍ പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുകയായിരുന്നു. പ്രാര്‍ത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നല്‍കിയിരുന്നു
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]