ആള്‍ക്കൂട്ടമെന്ന് കരുതി കടകളിലെ വിലക്കയറ്റ പരിശോധനക്കെത്തിയ കൊണ്ടോട്ടി നഗരസഭാ സംഘത്തിന് പോലീസിന്റെ ലാത്തിയടി

ആള്‍ക്കൂട്ടമെന്ന് കരുതി കടകളിലെ വിലക്കയറ്റ  പരിശോധനക്കെത്തിയ കൊണ്ടോട്ടി നഗരസഭാ  സംഘത്തിന് പോലീസിന്റെ ലാത്തിയടി

കൊണ്ടോട്ടി: കോവിഡ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആള്‍ക്കൂട്ടമെന്ന് കരുതി കടകളിലെ വിലക്കയറ്റ പരിശോധനക്കെത്തിയ കൊണ്ടോട്ടി നഗരസഭാ സംഘത്തിന് പോലീസിന്റെ ലാത്തിയടി.
അബദ്ധം പറ്റിയ പോലീസ് ഉടന്‍ തന്നെ മാപ്പു ചോദിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൊണ്ടോട്ടി നഗരസഭാധ്യക്ഷ കെ.സി. ഷീബയുടെ നേതൃത്വത്തില്‍ സെക്രട്ടറി പി.ടി. ബാബു, ജെ.എച്ച്.ഐ അനില്‍കുമാര്‍, കൗണ്‍സിലര്‍ യു.കെ. മമ്മദിശ എന്നിവരുടെ നേതൃത്വത്തില്‍ മുണ്ടപ്പലത്തെ പലചരക്ക് കടയില്‍ പരിശോധനക്കെത്തിയത്. സംഘം കടയില്‍ കയറി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ പോലീസ് വാഹനത്തിലെത്തിയ എസ്.ഐ ചാടിയിറങ്ങി സംഘത്തെ അടിക്കുകയായിരുന്നു. സെക്രട്ടറി പി.ടി. ബാബുവിനും ജെ.എച്ച്.ഐ അനില്‍കുമാറിനും ലാത്തി കൊണ്ടു അടിയേറ്റു. നഗരസഭാധ്യക്ഷ കെ.സി. ഷീബ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. കൗണ്‍സിലര്‍ യു.കെ. മമ്മദിശയെ കണ്ടതോടെയാണ് എസ്.ഐക്ക് അവിടെയുള്ളത് നഗരസഭാധികൃതരാണെന്ന് മനസിലായത്. നഗരസഭയുടെ വാഹനം നിര്‍ത്തിയ സ്ഥലമായിരുന്നിട്ട് കൂടി കാര്യങ്ങള്‍ അന്വേഷിക്കാതെ ലാത്തിയ വീശിയ പോലീസ് നടപടി വിവാദമായിട്ടുണ്ട്. രംഗം സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞതും ഇവ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഏറെ ചര്‍ച്ചയാവുകയായിരുന്നു.
എന്നാല്‍ തെറ്റ് ബോധ്യമായ എസ്.ഐ സംഭവസ്ഥലത്ത് വച്ചുതന്നെ മാപ്പുപറഞ്ഞു. വൈകീട്ട് നഗരസഭാകാര്യാലയത്തിലെത്തിയ ഇന്‍സ്‌പെക്ടര്‍ ബിജുവും മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ക്ഷമ ചോദിച്ചു. എസ്.ഐക്കെതിരെ വകുപ്പുതലത്തില്‍ അന്വേഷണം നടത്താമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെതിരെ നല്‍കിയ പരാതി നഗരസഭാധികൃതര്‍ പിന്‍വലിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ കൈകൊള്ളുന്ന നടപടികളില്‍ പോലീസ് പൂര്‍ണ സഹായം വാഗ്ദാനം നല്‍കി.സ്ഥലം എം.എല്‍.എ ടി.വി.ഇബ്രാഹിം, പോലീസ്, നഗരസഭ അധികൃതര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു.

Sharing is caring!