പള്ളികളില്‍ ജുമുഅ നടത്തരുതെന്ന് ഇരുവിഭാഗം സുന്നികളും

പള്ളികളില്‍ ജുമുഅ  നടത്തരുതെന്ന് ഇരുവിഭാഗം സുന്നികളും

മലപ്പുറം: പള്ളികളില്‍ ജുമുഅ നടത്തരുതെന്ന് ഇരുവിഭാഗം സുന്നികളും. കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹ്ര് നിസ്‌കരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും ആരോഗ്യവകുപ്പും നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം കാരണം ശാഫിഈ മദ്ഹബില്‍ നാല്‍പതു പേര്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാതെ വന്ന ദു:ഖകരമായ സാഹചര്യത്തില്‍ നിര്‍ബന്ധമായും ളുഹ്ര് നിസ്‌കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം മറ്റു സുന്നത്തായ ഇബാദത്തുകള്‍ നിര്‍വഹിക്കാനും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്’- സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മലപ്പുറം: ജനസമ്പര്‍ക്കം വിലക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ സാഹചര്യം അനുകൂലമാകുന്നത് വരെ പള്ളികളില്‍ ജുമുഅ, പൊതു നിസ്‌കാരം എന്നിവ നടത്തരുതെന്നും എല്ലാവരും വീടുകളില്‍ കഴിയണമെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭ്യര്‍ത്ഥിച്ചു. ജീവന്‍ രക്ഷിക്കുകയെന്നത് ഏറ്റവും വലിയ ആരാധനയാണെന്നും നാടിന്റെ രക്ഷക്കായി ഭരണകര്‍ത്താക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമ പാലകര്‍ എന്നിവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഘട്ടങ്ങളില്‍ ആരാധനാ കര്‍മങ്ങള്‍ വീടുകളില്‍ വെച്ച് നടത്താനാണ് വിശുദ്ധ ഇസ്്ലാമിന്റെ കല്‍പ്പന. പകര്‍ച്ച വ്യാധി സമയത്ത് വീട്ടിലിരിക്കുന്നത് ഏറ്റവും വലിയ പുണ്യമാണെന്നും വെള്ളിയാഴ്ച ജുമുഅക്ക് പകരം ളുഹര്‍ നിസ്‌കാരം നിര്‍വ്വഹിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!