നമ്മുടെ നാടിനെ ശവപ്പറമ്പാകാതെ നോക്കാം. മന്ത്രി കെ.ടി ജലീലിന്റെ അഭ്യര്‍ഥന കത്ത്….

നമ്മുടെ നാടിനെ  ശവപ്പറമ്പാകാതെ നോക്കാം. മന്ത്രി കെ.ടി ജലീലിന്റെ  അഭ്യര്‍ഥന കത്ത്….

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ വഴി സാമൂഹ്യ ഇടപെടലുകളിലൂടെ നടക്കുന്ന അതിന്റെ വ്യാപനം തടയല്‍ മാത്രമാണ്. ജീവഹാനി ഏറ്റവുമധികം സംഭവിച്ച ഇറ്റലിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണ്. അധികൃതരുടെ മുന്നറിയിപ്പുകള്‍ പ്രാരംഭഘട്ടത്തില്‍ ജനങ്ങള്‍ അവഗണിച്ചതാണ് കൂട്ടമരണത്തിലേക്ക് ആ നാടിനെ എത്തിച്ചതെന്നാണ് അനുഭവസ്തരുടെ സാക്ഷ്യം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ അവധിക്ക് നാട്ടില്‍ തിരിച്ചെത്തിയ വരിലൂടെയും ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവന്നവരിലൂടെയും ബിസിനസ് ആവശ്യാര്‍ത്ഥവും ജോലിയുടെ ഭാഗമായും പുറം നാടുകളില്‍ യാത്ര കഴിഞ്ഞെത്തിയവരിലൂടെയുമാണ് കോവിഡ് 19 ബാധിതര്‍ നമ്മുടെ നാട്ടിലുമുണ്ടായത്. കേരള സര്‍ക്കാരിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഈ മഹാമാരിയെ ഇതുവരെയും തടഞ്ഞു നിര്‍ത്തുന്നതിന് വലിയ കാരണമായിട്ടുണ്ട് എന്നുള്ളത് അവിതര്‍ക്കതമാണ്.

കേരളത്തിലെ
സാമൂഹ്യ ഒത്തുചേരലിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളാണ് മസ്ജിദുകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും. ഇവിടങ്ങളിലുള്ള ജനങ്ങളുടെ ഒത്തുചേരല്‍ മൂന്നോ നാലോ ആഴ്ചത്തേക്കു ഒഴിച്ചു നിര്‍ത്താനായാല്‍ കൊറോണ വിരുദ്ധ പോരാട്ടം ഏതാണ്ടതിന്റെ സമ്പൂര്‍ണ്ണതയില്‍ തന്നെ വിജയിപ്പിക്കാനാകും. ഈ ആവശ്യാര്‍ത്ഥം പല പ്രമുഖരായ മത പണ്ഡിതന്‍മാരുമായി ഞാന്‍ സംസരിച്ചു. അവരെല്ലാം തത്വത്തില്‍ സംഘം ചേരലിലേക്ക് നയിക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളോടും യോജിപ്പാണ് പ്രകടിപ്പിച്ചത്. ഇനി ഇതിന്റെ പ്രയോഗവല്‍ക്കരണമാണ് ഭംഗിയായി നടക്കേണ്ടത്. അതിനായി ബന്ധപ്പെട്ട ആരാധനാലയങ്ങളുടെ കമ്മിറ്റികളാണ് മുന്നോട്ടു വരേണ്ടത്. പല മസ്ജിദുകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇതിനകം തന്നെ പൂട്ടിയിടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ആദരണീയനായ പാണക്കാട് തങ്ങള്‍ ഖാസിയായിട്ടുള്ള കുറ്റിപ്പുറം കഴുത്തല്ലൂരിലെ ദേശീയപാതയോട് ചേര്‍ന്ന ജുമാ മസ്ജിദ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. സമാന രീതിയില്‍ എല്ലാ ആരാധനാലയങ്ങളും നാലാഴ്ചത്തേക്ക് അടച്ചിടാന്‍ തയ്യാറായാല്‍ അത്രത്തോളം ദൈവത്തിന് പ്രീതിയുള്ള കാര്യം മറ്റെന്താണുണ്ടാവുക?

യു.എ.ഇ ഉള്‍പ്പടെയുള്ള പല മദ്ധ്യപൗരസ്ത്യ രാജ്യങ്ങളിലും മസ്ജിദുകള്‍ അടച്ചിട്ടതോടൊപ്പം എല്ലാ വിശ്വാസികളോടും വീടുകളില്‍ വെച്ച് ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ മതകാര്യ വകുപ്പ് ആഹ്വാനം ചെയ്തത് പ്രത്യേകം പ്രസ്താവ്യമാണ്. വിശുദ്ധ മക്കയിലും മദീനയിലും പവിത്രമായ വത്തിക്കാനിലും പരിപാവനമായ ശബരിമല, ഗുരുവായൂര്‍ ഉള്‍പ്പടെ അന്തര്‍ദേശീയ പ്രാധാന്യമുള്ള ആരാധനാലയങ്ങളിലെല്ലാം ചരിത്രത്തിലിന്നോളമില്ലാത്ത കടുത്ത നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. സ്വയം തോല്‍ക്കാതിരിക്കാനും കൊറോണയുടെ പിടുത്തത്തില്‍ എരിഞ്ഞമരാതിരിക്കാനും ഒറ്റമനസ്സോടെ നമുക്ക് നീങ്ങേണ്ടതുണ്ട്. രോഗമല്ലാത്ത മറ്റേത് ദുരന്തം വന്നാലും പരസ്പരം ആര്‍ക്കും ആരെയും രക്ഷിക്കാനാകും. എന്നാല്‍ രോഗം പടര്‍ന്നു പിടിച്ചാല്‍ ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫിനും മാത്രമേ കഴിയൂ. മറ്റുള്ളവര്‍ക്കെല്ലാം വാവിട്ട് നിലവിളിച്ചം മാറത്തടിച്ചും കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ സാധിക്കൂ. വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കണമെങ്കില്‍ ഭൂമുഖത്ത് മനുഷ്യരുണ്ടാവണം. മനുഷ്യരുണ്ടെങ്കില്‍ മാത്രമേ മതങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള ഒരേയൊരു പരിഗണന മനുഷ്യനാണ്. ഉറ്റവരും ഉടയവരും അയല്‍ക്കാരും സ്‌നേഹിതരും നാട്ടുകാരും അയല്‍രാജ്യക്കാരുമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ആര്‍ക്കെങ്കിലും ആലോചിക്കാനാകുമോ? തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍വനാശത്തില്‍ മാനവരാശിക്ക് നിപതിക്കേണ്ടിവരും. ‘സ്വയം മാറാന്‍ സന്നദ്ധമാകാത്ത ഒരു ജനതയേയും ദൈവമായിട്ട് മാറ്റുകയില്ല'(വിശുദ്ധ ഖുര്‍ആന്‍). നമുക്ക് നാം തന്നെയാണ് നേട്ടങ്ങളും കോട്ടങ്ങളുമുണ്ടാക്കുന്നത്. സ്വര്‍ഗ്ഗവും നരകവും അങ്ങിനെ തന്നെ.

Sharing is caring!