കോവിഡ് 19: മലപ്പുറം ജില്ലയിലെ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി

കോവിഡ് 19:  മലപ്പുറം ജില്ലയിലെ ഹോട്ടലുകളിലെ ശുചിത്വം  ഉറപ്പാക്കാന്‍  ഭക്ഷ്യ സുരക്ഷാ  വകുപ്പ് പരിശോധന ശക്തമാക്കി

മലപ്പുറം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവയുടെ ശുചിത്വം ഉറപ്പാക്കാന്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന. ജില്ലയിലെ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെ 100 ഓളം സ്ഥാപനങ്ങള്‍ സ്‌ക്വാഡുകള്‍ പരിശോധിച്ചു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 15 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കായി കോഴിക്കോട് റീജിയനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയക്കുകയും ചെയ്തു. കോവിഡ് 19 ഭീഷണി അവസാനിക്കുന്നതുവരെ ജില്ലയില്‍ സ്‌ക്വാഡുകള്‍ തുടരാനാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് വരും ദിവസങ്ങളില്‍ ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമീഷണര്‍ ജി. ജയശ്രീ അറിയിച്ചു.
ഭക്ഷണ നിര്‍മാണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നിര്‍ബന്ധമായും വ്യക്തി ശുചിത്വം പാലിക്കണം. കൃത്യമായ ശുചിത്വ സംവിധാനങ്ങള്‍ സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുളളൂ. ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമീഷണര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന മറ്റു നിര്‍ദ്ദേശങ്ങള്‍

•പനി, തുമ്മല്‍, ജലദോഷം, ചുമ എന്നീ രോഗലക്ഷണങ്ങളുള്ള ജോലിക്കാരെ കര്‍ശന വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. താത്ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റണം.
•ഭക്ഷണം പാചകം ചെയ്യുന്നവര്‍ മാസ്‌ക് ഉപയോഗിക്കണം.
•മേശപ്പുറത്ത് പാത്രങ്ങളില്‍ കറികള്‍ നേരത്തെ വിളമ്പി വയ്ക്കുന്നത് ഒഴിവാക്കണം.
•മേശപ്പുറം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തുണി സോപ്പുവെളളത്തില്‍ കഴുകിയതിന് ശേഷം മാത്രമേ അടുത്ത മേശ തുടയ്ക്കാന്‍ പാടുളളൂ.
•ആഹാരം കഴിച്ച ശേഷം പാത്രങ്ങള്‍, ഗ്ലാസ്, സ്പൂണ്‍ എന്നിവ ഡിഷ് വാഷ്, ലിക്വിഡ് സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുകയും പിന്നീട് തിളച്ച വെളളത്തില്‍ മുക്കിയെടുക്കുകയും വേണം.
•ആഹാരം കഴിക്കുന്നതിനായി വരുന്നവര്‍ക്ക് കൈകഴുകാന്‍ ലിക്വിഡ് ഹാന്‍ഡ് വാഷ് നല്‍കണം. ഇത് വെളളം ഒഴിച്ച് നേര്‍പ്പിക്കരുത്.
•ക്യാഷ് കൗണ്ടറില്‍ രൂപ കൈകാര്യം ചെയ്യുന്നവര്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യരുത്.
•തട്ടുകടകളില്‍ ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കേണ്ടതും വാങ്ങുവാന്‍ വരുന്നവര്‍ക്ക് ആഹാരസാധനങ്ങളില്‍ കൈതൊടാന്‍ അവസരം നല്‍കാതിരിക്കുകയും വേണം.
•ജ്യൂസ് കടകള്‍ നടത്തുന്ന വ്യക്തികള്‍ ഗ്ലാസ് കഴുകാന്‍ പ്രത്യേകം ജീവനക്കാരനെ വയ്ക്കണം. ഉപയോഗശേഷം ഗ്ലാസ് സോപ്പുവെളളത്തില്‍ കഴുകി രണ്ട് പ്രാവശ്യം ശുദ്ധജലത്തില്‍ കഴുകണം.
•ജ്യൂസിന് നിര്‍ബന്ധമായും സ്‌ട്രോ നല്‍കണം.
•ജീവനക്കാര്‍ മൊബൈല്‍ഫോണ്‍, നോട്ട്, നാണയങ്ങള്‍ എന്നിവ ജോലി സമയങ്ങളില്‍ ഉപയോഗിക്കരുത്.

Sharing is caring!