മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്  വൈറസ് ബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വേങ്ങര കൂരിയാട് സ്വദേശിയായ 32 കാരനും വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയായ 24 കാരനുമാണ് വൈറസ് ബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഈ മാസം 19ന് അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി വേങ്ങര കൂരിയാടുള്ള സ്വന്തം വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരിക്കുകയാണ്. സര്‍ക്കാറിന്റെ ജാഗ്രത നിര്‍േേദശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പൊതുസമ്പര്‍ക്കം ഇല്ലാതെയാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
അബൂദബിയില്‍ നിന്നു ഈ മാസം 19ന് രാവിലെ അഞ്ചു മണിക്ക് കരിപ്പൂരിലെത്തിയ ഐ.എക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് വേങ്ങര കൂരിയാട് സ്വദേശി. അവിടെ നിന്നും സഹോദരനോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കാറില്‍ വേങ്ങര കൂരിയാടുള്ള സ്വന്തം വീട്ടിലെത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വീട്ടിലുള്ള മറ്റെല്ലാവരെയും മറ്റൊരു വീട്ടിലേക്കു മാറ്റി തനിച്ചാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്. ഈമാസം 20 ന് ഉച്ചയ്ക്ക് 12 മണിക്ക് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിളെടുത്ത് തിരികെ വീട്ടില്‍ എത്തി സ്വയം നിരീക്ഷണത്തില്‍ തുടര്‍ന്നു. 21 നും വീട്ടില്‍ തന്നെ കഴിഞ്ഞു. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇന്നലെ ( മാര്‍ച്ച് 22) ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഈ മാസം 21ന് പുലര്‍ച്ചെ മൂന്നു മണിക്ക് ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ അറേബ്യയുടെ ജി 9 – 425 വിമാനത്തിലാണ് കടലുണ്ടി നഗരം ആനങ്ങാടിയിലെ യുവാവെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് സാമ്പിള്‍ പരിശോധനക്കയച്ച് ആംബുലന്‍സില്‍ സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇന്നലെ ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
19 ന് രാവിലെ അഞ്ചു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐ.എക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും 21ന് പുലര്‍ച്ചെ മൂന്നു മണിക്ക് ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ അറേബ്യയുടെ ജി 9 – 425 വിമാനത്തിലും വൈറസ് ബാധിതര്‍ക്കൊപ്പം യാത്ര ചെയ്തവര്‍ നേരിട്ട് ആശുപത്രികള്‍ സന്ദര്‍ശിക്കുകയോ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ 0483 – 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Sharing is caring!