കോവിഡ്19: മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4,753 പേര്‍

കോവിഡ്19:  മലപ്പുറം ജില്ലയില്‍  നിരീക്ഷണത്തിലുള്ളത്  4,753 പേര്‍

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 4,753 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. ഏഴു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 4,735 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ വ്യക്തമാക്കി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 22 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 257 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 235 പേരുടെ ഫലം ലഭിച്ചു. നേരത്തെ സ്ഥിരീകരിച്ച രണ്ടു പേരൊഴികെ 233 പേര്‍ക്കും വൈറസ് ബാധയില്ല.
വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ തുടരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 250 പേരെയും ഇവരുമായി ഇടപഴകിയ 1,926 പേരെയും കണ്ടെത്തിയിട്ടുണ്ട്. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 149 പേരെ കണ്ടെത്തി. ഇവരുമായി പിന്നീട് ഇടപഴകിയ 914 പേരുമായും ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 258 പേരുമായി ഇന്നലെ ( മാര്‍ച്ച് 19) ജില്ലാതല കണ്‍ട്രോള്‍ സെല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കു പുറമെ പെരിന്തല്‍മണ്ണ എം.ഇ.എസ് എന്‍ജിനീയറിംഗ് കോളജിലെ 30 അംഗ വിദ്യാര്‍ഥി സംഘവും ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസിനെ സഹായിക്കുന്നു.
വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം വാര്‍ഡുതല ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 1,998 സ്‌ക്വാഡുകളും 23,088 വളണ്ടിയര്‍മാരും ഫീല്‍ഡ്തല സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജനമൈത്രി പൊലീസും ബീറ്റു തലങ്ങളില്‍ വിവര ശേഖരണം നടത്തി ജില്ലാതല കണ്‍ട്രോള്‍ സെല്ലിനു കൈമാറുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍, പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ കോവിഡ് 19 അവലോകന യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!