കൃഷിയിടത്തിലുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ വൃദ്ധന് പൊള്ളലേറ്റ് മരിച്ചു

നിലമ്പൂര്‍: മൂത്തേടം ബാലംകുളം ചോളമുണ്ടയിലെ കൃഷിയിടത്തിലുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ വൃദ്ധന് പൊള്ളലേറ്റ് മരിച്ചു. ചോളമുണ്ട പൊറ്റയില്‍ അലവിണ്ണി (80) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെ ഉണ്ടായ തീപിടിത്തത്തില്‍ റബര്‍, തെങ്ങ്, കശുമാവ് ഉള്‍പ്പെടെ ആറേക്കറോളം കൃഷി പൂര്‍ണ്ണമായും കത്തി നശിച്ചു. തീ അണക്കാന്‍ അലവിണ്ണി ഉപയോഗിച്ച മരത്തിന്റെ ചില്ലകള്‍ മരിച്ചുകിടന്നതിന്റെ സമീപത്തുണ്ട്. തീ കണ്ട് സമീപവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നിലമ്പൂരില്‍ നിന്ന് അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങളും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഇതിനിടെയാണ് അലവിണ്ണിയെ ഇയാള്‍ താമസിക്കുന്ന ഷെഡിന്റെ 100 മീറ്റര്‍ അകലെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഇതിന് സമീപം നാല് കന്നുകാലികളെയും കെട്ടിയിട്ടിരുന്നു. കയര്‍ തീയില്‍ കരിഞ്ഞതോടെ ഇവ രക്ഷപ്പെട്ടു. മരിച്ച പൊറ്റങ്ങല്‍ അലവി, ഉള്ളാട്ടില്‍ ശോഭന, പൊത്തംകോടന്‍ പാത്തുമ്മ, അലവി കലക്കപാറ എന്നിവരുടെയും കാരപ്പുറം മദ്രസയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. വര്‍ഷങ്ങളായി കൃഷിയില്‍ സജീവമായ അലവിണ്ണി സ്ഥലത്തോട് ചേര്‍ന്ന പഴയ ഷെഡിലാണ് താമസിക്കുന്നത്. തീപിടിത്തതിന് അരമണിക്കൂര്‍ മുമ്പ് അലവിണ്ണിയെ കൃഷിയിടത്തില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ്, മൂസ, കരീം, ഷംസുദ്ദീന്, സിദ്ദിഖ്. മരുമക്കള്‍: സെലീന, മൊഹസീന, സെമിന.മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി