കൊറോണയെ ചെറുക്കാന്‍ മസ്ജിദിലെ ഹൗളിന് ചുറ്റും ടാപ്പ് സ്ഥാപിച്ച് രാമപുരം ജുമാമസ്ജിദ് കമ്മറ്റി

കൊറോണയെ ചെറുക്കാന്‍  മസ്ജിദിലെ ഹൗളിന് ചുറ്റും ടാപ്പ് സ്ഥാപിച്ച് രാമപുരം ജുമാമസ്ജിദ്  കമ്മറ്റി

മലപ്പുറം: ബ്രെക്ക് ചെയിന്‍ ‘ കൊറോണയെ ചെറുക്കാന്‍ മാതൃകപരമായ നടപടികളുമായി രാമപുരം ജുമാമസ്ജിദ് കമ്മറ്റി. വുളൂഅ് ചെയ്യാന്‍ മസ്ജിദിലെ ഹൗളിനും ചുറ്റും ടാപ്പ് സ്ഥാപിച്ചാണ് പള്ളിക്കമ്മിറ്റി മാതൃക കാണിച്ചത്.
ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മത സംഘടനകളുടെ യോഗത്തില്‍ ധാരണയായിരുന്നു. വിവിധ താലൂക്കുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഏകോപിപ്പിച്ചാണ് യോഗം നടത്തിയത്.രോഗം കൂടുതല്‍ ബാധിക്കാനിടയുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍, ഡയാലിസിസ് രോഗികള്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ജലദോഷമുള്ളവര്‍ എന്നിവര്‍ ഒരു കാരണവശാലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ എത്തുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നതാണ് പ്രധാന നിര്‍ദേശം. വിദേശത്ത് നിന്ന് വന്ന് 14 ദിവസം കഴിയാത്തവരും പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയും രോഗീ സന്ദര്‍ശനം ഒഴിവാക്കുകയും വേണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ആളുകള്‍ കൂടിച്ചേരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. വിവാഹം, ഉത്സവങ്ങള്‍, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകള്‍ എന്നിവ മാര്‍ച്ച് 31 വരെ പരമാവധി മാറ്റിവക്കാനും യോഗം തീരുമാനിച്ചു. ഉത്സവക്കാലമായതിനാല്‍ താലൂക്കടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാര്‍ സംഘാടകരുമായി സംസാരിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കുകയോ മാറ്റി വെക്കുകയോ ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു.

പള്ളികളില്‍ ഹൗളിന് പകരം ടാപ്പ് സംവിധാനം ഒരുക്കണം. ആരാധനാലയങ്ങളില്‍ പ്രത്യേകമായി നടത്തുന്ന കൂട്ട പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെ തത്കാലത്തേക്ക് മാറ്റിവെക്കാനും സംഘടന നേതാക്കളോട് കലക്ടര്‍ അഭ്യര്‍ഥിച്ചു.

രോഗബാധിത രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രികളില്‍ നേരിട്ടെത്തി ചികിത്സ തേടരുതെന്ന് ഡി.എം.ഒ ഡോ. കെ.സക്കീന പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് മുന്നൊരുക്കങ്ങള്‍ സ്വീകരിച്ച് വേണം ആശുപത്രികളിലെത്താന്‍. വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.സക്കീന, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ഡെപ്യൂട്ടി കലക്ടര്‍ പി.എം പുരുഷോത്തമന്‍ വിവിധ മത സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് വ്യാപനം തടയുന്നതിന് ഓഡിറ്റോറിയം,
ജിംനേഷ്യം, ടര്‍ഫുകള്‍ എന്നിവയ്ക്ക് നിയന്ത്രണം
നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

കോവിഡ് 19 വ്യാപനം തടയുന്നതിനായി ഓഡിറ്റോറിയം, ജിംനേഷ്യം, ഫുട്ബാള്‍ ടര്‍ഫുകള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വരെ നിയന്ത്രണം കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെട്ട അസോസിയേഷനുകളോട് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍, ഡി.എം.ഒ എന്നിവരുടെ നേതൃത്വത്തില്‍ ചേംബറില്‍ ബന്ധപ്പെട്ട അസോസിയേഷനുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിലാണ് തീരുമാനം.
കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി നേരത്തെ ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്തവരുമായി ബന്ധപ്പെട്ട് പരമാവധി 30 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളാക്കി മാറ്റണമെന്നാണ് യോഗത്തിലെ പ്രധാന നിര്‍ദ്ദേശം. ഇതിന് തയ്യാറാകാത്തവരുമായി സഹകരിക്കേണ്ടതില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് പരിപാടികള്‍ സംഘടിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കാമെന്നും കലക്ടര്‍ പറഞ്ഞു. ഓഡിറ്റോറിയത്തിന് പുറമെ വീടുകളിലടക്കം നടത്തുന്ന പരിപാടികള്‍ക്കായി ഇവന്റ് മാനേജ്മെന്റ് കാറ്ററിങ് കരാറുകള്‍ ഏറ്റെടുക്കുന്നവരും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതാണെങ്കില്‍ സഹകരിക്കാന്‍ പാടുള്ളതല്ല.
ജിംനേഷ്യങ്ങള്‍ 15 ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടണം. രോഗ വ്യാപനം തടയാനാണ് നടപടി. ടര്‍ഫുകളിലടക്കം നടത്തപ്പെടുന്ന ഫുട്ബാള്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും യോഗം നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കലക്ടര്‍ പറഞ്ഞു.

അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ശ്രദ്ധക്ക്
ഒത്തുചേരലുകള്‍ തത്ക്കാലം ഒഴിവാക്കാം

അവസാന വര്‍ഷമാണ,് കൂട്ടുകാരെ പിരിയുകയാണ് എന്നൊക്കെ കരുതി പരിപാടികള്‍ കളറാക്കാന്‍ നില്‍ക്കുന്നവര്‍ക്ക് കലക്ടറുടെ മുന്നറിയിപ്പ്. കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമെങ്ങും കരുതല്‍ നടപടികളുമായി നീങ്ങുമ്പോള്‍ വിദ്യാര്‍ഥികളുടെ ഇത്തരം ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നാണ് കലക്ടറുടെ നിര്‍ദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട് പരീക്ഷകള്‍ മാത്രമാക്കി ചുരുക്കിയിട്ടും വിദ്യാര്‍ഥികളുടെ കൂടിച്ചേരലുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം.

പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞും ഹസ്തദാനം നടത്തിയുമുള്ള ആഘോഷങ്ങള്‍ മാര്‍ച്ച് 31വരെയെങ്കിലും നടത്തുന്നതിനാണ് നിയന്ത്രണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Sharing is caring!