മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരം

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരം

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി. ജില്ലാതല കണ്‍ട്രോള്‍ സെല്‍ ഇവരുമായി ആശയവിനിമയം നടത്തി വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. വൈറസ്ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇങ്ങനെയുള്ളവര്‍ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തുകയോ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ഫോണില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 2193 പേര്‍ വീടുകളിലും മൂന്നു പേര്‍ പ്രത്യേക കോവിഡ് കെയര്‍ സെന്ററിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. 1196 പേര്‍ക്കു കൂടി ഇന്നലെ (മാര്‍ച്ച് 17) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 227 സാമ്പിളുകളില്‍ 189 പേരുടെ ഫലം ലഭിച്ചു. ഇതില്‍ രണ്ടുപേര്‍ക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് ജില്ലാതല മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ താമസത്തിനു സൗകര്യങ്ങളില്ലാത്ത സ്വയം നിരീക്ഷണം ആവശ്യമുള്ളവര്‍ക്കായാണ് കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 10 സംഘങ്ങളാണ് യാത്രക്കാരെ നിരീക്ഷിക്കുന്നത്. തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ രണ്ട് സംഘങ്ങളും നാടുകാണിയിലെ ജില്ലാ അതിര്‍ത്തിയിലും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലുമായി നാല് സംഘങ്ങളും നിരീക്ഷണത്തിനായുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ വന്നെത്തുന്ന സ്ഥലങ്ങളില്‍ നിന്നുതന്നെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ എത്തിക്കുന്ന വിധത്തിലാണ് പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും വീടുകളില്‍ പ്രത്യേക നിരീക്ഷണം ദ്രുത കര്‍മ്മ സംഘങ്ങള്‍ മുഖേന ഉറപ്പുവരുത്തുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!