*പള്ളികളിൽ മുൻകരുതലുകൾ വേണം*. ഹുസൈൻ മടവൂർ.

*പള്ളികളിൽ മുൻകരുതലുകൾ വേണം*. ഹുസൈൻ മടവൂർ.

മലപ്പുറം: കൊറോണ വ്യാപിക്കുകയാണെന്നും പള്ളികളില്‍ മുന്‍കരുതലുകള്‍ വേണമെന്നും
ഹുസൈന്‍ മടവൂര്‍.താമസ സ്ഥലത്തും ജോലി സ്ഥലത്തും പൊതു സ്ഥലത്തും ജാഗ്രത നിർബന്ധം. ഇപ്പോൾ നിരീക്ഷണത്തിലുള്ള പലരും നമ്മുടെ പള്ളികളിലും വന്നിട്ടുണ്ടാവും. കൂടുതൽ ശ്രദ്ധിച്ചേ മതിയാവൂ. പ്രത്യേകിച്ചും പല പ്രദേശത്ത് നിന്നും വന്ന ധാരാളം പേർ പങ്കെടുക്കുന്ന പട്ടണങ്ങളിലെയും കേമ്പസുകളിലെയും പള്ളികളിൽ കൂടുതൽ കരുതൽ നടപടികളുണ്ടാവണം. ഇപ്പോൾ WHO പ്രഖ്യാപിച്ച social distancing സാധ്യമാവാൻ നാം ശ്രദ്ധിച്ചേ മതിയാവൂ.
Break the chain സാധ്യമാവണമെങ്കിലും പള്ളികൾ നിയന്ത്രിക്കുകയോ അടച്ചിടുകയോ വേണ്ടി വന്നേക്കാം.

വിശുദ്ധ മക്കയിൽ ഉംറ നിർത്തി.

മക്ക, മദീനാ ഹറം പള്ളികളിൽ നിയന്ത്രണം വരുത്തി. സൗദിയിൽ എല്ലാ പള്ളികളിലും നേരത്തെ തന്നെ പല ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. ജമാഅത്തും ജുമുഅയും വേഗത്തിൽ നടത്തി പോവാൻ സർക്കുലർ ഇറക്കി. കുവൈറ്റ്, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ മസ്ജിദുകളും ക്ഷേത്രങ്ങളും ചർച്ചുകളും ഗുരുദ്വാരകളും അടച്ചു. ജുമുഅ പോലും വേണ്ടെന്നു വെച്ചു. സിങ്കപ്പൂരിലും അമേരിക്കയിലും ഇപ്രകാരം നിയന്ത്രണങ്ങൾ തുടരുന്നു.
സ്ഥിരമായി പള്ളിയിൽ പോയി നമസ്കരിക്കുന്ന മുസ് ലിംകൾക്ക് പള്ളികൾ അടച്ചതിൽ മാനസികമായി വളരെ വിഷമമുണ്ട്. ഇത് ആദ്യത്തെ അനുഭവമാണല്ലോ. എന്നാൽ ആ രാജ്യങ്ങളിലുള്ള പണ്ഡിത സഭകളും മതകാര്യ മന്ത്രാലയങ്ങളും കൊറോണ പകർച്ചവ്യാധി തടയാൻ വേണ്ടി ആളുകൾ കൂടുന്ന കേന്ദ്രങ്ങൾ അടച്ചിടുന്ന കൂട്ടത്തിൽ പള്ളികളും അടക്കാം എന്ന് അറിയിച്ചിട്ടുണ്ട്. നബിയുടെ കാലത്ത് പെരും മഴയും കൊടും തണുപ്പും ആയതിനാൽ *നിങ്ങൾ വീട്ടിൽ നമസ്കരിച്ചോളൂ*
(صلوا في رحالكم / صلوا في بيوتكم )
എന്ന് ബാങ്ക് വിളിയിൽ തന്നെ വിളംബരം ചെയ്ത കാര്യവും, പകർച്ചവ്യാധിയുള്ളവർ മറുനാടുകളിലേക്ക് പോവരുതെന്നും പുറത്തുള്ളവർ പകർച്ചവ്യാധിയുള്ള നാട്ടിലേക്ക് പോവരുതെന്നും നബി(സ) ഉപദേശിച്ചതും, ഇസ്ലാം മൊത്തത്തിൽ മനുഷ്യ നൻമയാണെന്ന കാര്യവും തെളിവായി ആ പണ്ഡിതന്മാർ എടുത്ത് പറയുന്നുണ്ട്. സ്ഥിരമായി ജമാഅത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് രോഗമോ യാത്രയോ മറ്റോ കാരണം പള്ളിയിൽ പോകാൻ കഴിയാതെ വന്നാലും അവരുടെ നിയ്യത്ത് അനുസരിച്ച് അല്ലാഹു അവർക്ക് ജമാഅത്തിന്റെ പ്രതിഫലം നൽകുമെന്നും അവർ പറയുന്നു.

വലിയ അങ്കലാപ്പുകൾ ആവശ്യമില്ല.

നമ്മുടെ നാട്ടിൽ ഇപ്പോൾ അത്തരം ഒരു സാഹചര്യമില്ലെങ്കിലും അത്തരം വല്ല ക്രമീകരണങ്ങളും വരുത്തേണ്ടി വന്നാൽ മടിച്ച് നിൽക്കേണ്ടതില്ല. അതാവട്ടെ പള്ളികളുടെ ഉപരിസഭയായ സംസ്ഥാന വഖഫ് ബോർഡ് പണ്ഡിത നേതൃത്വവുമായി കൂടിയാലോചിച്ച് പറയുന്നതാണ് നല്ലത്. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്ന കൂടുതൽ പേരുള്ള സ്ഥലങ്ങളിൽ അവരുമായി ബന്ധപ്പെട്ടിട്ടുള്ള ധാരാളമാളുകളുള്ള നാട്ടിൽ എന്ത് ചെയ്യണമെന്ന് ആരോഗ്യ വകുപ്പുമായി ആലോചിച്ച് അവിടത്തെ പള്ളി ഭാരവാഹികൾ പെട്ടെന്ന് തന്നെ വേണ്ട തീരുമാനങ്ങളെടുത്തേ പറ്റൂ.

മുൻകരുതലുകളും സൂക്ഷ്മതയും കൂടിയ തീരൂ.

ഈ പ്രത്യേക സാഹചര്യത്തിൽ ജമാഅത്ത് നില നിർത്താനാവശ്യമായ
മിനിമം ആളുകൾ പള്ളിയിൽ വന്നാൽ മതി. പള്ളി ആ സമയത്ത് മാത്രം തുറന്നാലും മതി. രോഗികളും പ്രായമുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വിദേശത്ത് നിന്നെത്തിയവരും കോറെൻടൈൻ പീരിയഡിലുള്ളവരും ഇപ്പോൾ പള്ളിയിൽ വരേണ്ട. പള്ളിയിൽ വരുന്നവർ വീട്ടിൽ വെച്ച് തന്നെ കൈ സോപ്പിട്ട് കഴുകി വുദു ചെയ്ത് വരിക. പള്ളിയിലെ ഹൗള് ഉപയോഗിക്കരുത്. ടാപ്പ് മതി. പള്ളിയിലെ പായയും കാർപെറ്റും ഒഴിവാക്കുക. നമസ്കരിക്കാനായി ഓരോരുത്തരും സ്വന്തം മുസല്ല കൊണ്ട് വരിക. ഹസ്തദാനം വേണ്ട. നമസ്കാരം കഴിഞ്ഞ ഉടൻ സ്ഥലം വിടുക.
ഇനിയും വല്ല നിയന്ത്രണവും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പും പ്രാദേശിക ഭരണ സംവിധാനങ്ങളും നിർദ്ദേശിക്കുമ്പോൾ അതും അനുസരിക്കുക.

ഈ മഹാമാരിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കണേ എന്ന് ധാരാളമായി പ്രാർത്ഥിക്കുക. അല്ലാഹു സഹായിക്കട്ടെ.

Sharing is caring!