സ്‌കൂള്‍ പഠന സമയ മാറ്റം: സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം സമസ്ത

സ്‌കൂള്‍ പഠന  സമയ മാറ്റം:  സര്‍ക്കാര്‍ നീക്കം  ഉപേക്ഷിക്കണം സമസ്ത

ചേളാരി: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠന സമയം നേരത്തെ ആക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകളില്‍ രാവിലെ 10 മണി മുതല്‍ വൈകു: 4 മണി വരെയും മുസ്ലിം സ്‌കൂളുകളില്‍ രാവിലെ 10.30 മുതല്‍ വൈകു: 4.30 വരെയുമാണ് നിലവില്‍ പഠന സമയം. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഈ രീതി മാറ്റിയാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മദ്റസ പഠനത്തെ അത് സാരമായി ബാധിക്കും. 2008ല്‍ സ്‌കൂള്‍ പഠന സമയം നേരത്തെയാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിച്ചിരുന്നു. സ്‌കൂള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും ചില പൊതുവേദികളിലും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.
കേരളീയ സാഹചര്യത്തില്‍ സ്‌കൂള്‍ പഠന സമയം നിലവിലുള്ള രീതി തന്നെ തുടരണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ചേങ്ങോട്ടൂര്‍ മിസ്ബാഹുല്‍ഉലൂം മദ്റസക്ക് അംഗീകാരം നല്‍കിയതോടെ സമസ്ത മദ്റസകളുടെ എണ്ണം 10004 ആയി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Sharing is caring!