മലപ്പുറത്ത് സൂര്യാതപമേറ്റ് കര്‍ഷകന്‍ മരിച്ചു

മലപ്പുറത്ത്  സൂര്യാതപമേറ്റ്  കര്‍ഷകന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് സൂര്യാതപമേറ്റ് കര്‍ഷകന്‍ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുന്നാവായ തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. വെയിലേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. ദേഹം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.
അതേ സമയം മലപ്പുറം ജില്ലയില്‍ ചൂടുകൂടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. സൂര്യാഘാതം അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരതാപം പുറംതള്ളുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ശരീരത്തിന്റെ ചില നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം. ക്രമാതീതമായി ഉയര്‍ന്ന ശരീരതാപം, വരണ്ടതും ചുവന്ന് ചൂടായതുമായ ശരീരം, നേര്‍ത്ത നാഡീമിടിപ്പ് ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. സൂര്യാഘാതം മാരകമായതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം അഥവാ താപശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ചൂടുള്ള കാലവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലിചെയ്യുന്നവരിലും പ്രായധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണ് സൂര്യതാപം കൂടുതലായി കാണുന്നത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശിവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും അബോധാവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഇവയ്‌ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ചൂട് മൂലമുള്ള തളര്‍ച്ചയോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കൂടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക.വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക.കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
ചുടു കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.പ്രായാധിക്യമുള്ളവരുടേയും (65 വയസിന് മുകളില്‍) കുഞ്ഞുങ്ങളുടേയും (നാല് വയസ്സിന് താഴെയുള്ളവര്‍) മറ്റ് മരോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടേയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് (പ്രത്യേകിച്ച് ടിന്‍/ ആസ്ബസേ്റ്റാസ് മേല്‍ക്കുരയാണെങ്കില്‍) പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്ന് ഇടുക.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

Sharing is caring!