പൗരത്വ നിയമഭേദഗതി മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ‘1000’ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കും

പൗരത്വ നിയമഭേദഗതി മുസ്ലിംലീഗ് മലപ്പുറം  ജില്ലാ കമ്മിറ്റി ‘1000’  ജനജാഗ്രതാ സദസ്സുകള്‍  സംഘടിപ്പിക്കും

മലപ്പുറം: പൗരത്വ നിയമഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ കണക്കെടുപ്പ് എന്നിവയ്‌ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുമെന്ന ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനജാഗ്രത സദസിന്റെ ജില്ലാതല ഉദ്ഘാടനം 14ന് വൈകിട്ട് നാലിന് താമരക്കുഴിയില്‍ നടക്കും. 16ന് അസംബ്ലി മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും ജാഗ്രതാ സദസുകള്‍ തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പരിപാടി സംഘടിപ്പിക്കും. ഭരണഘടനയുടെ ആമുഖം വായിക്കല്‍, ദേശരക്ഷാ പ്രതിജ്ഞ, നിയമഭേദഗതി സംബന്ധിച്ച വിശദീകരണ ക്ലാസ് എന്നിവയാണ് ജനജാഗ്രത സദസിലുണ്ടാവുക. അഞ്ചു ലക്ഷം പേരെ സദസുകളില്‍ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. ലഘുലേഖ വിതരണം, നേതൃ യോഗങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. നിയമഭേദഗതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്ക്കുകയാണ്. വിദ്യാര്‍ഥികള്‍ പോലും ആശങ്കയിലാണെന്നും ഭാരവാഹികളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. യു എ ലത്തീഫ്, ഉമ്മര്‍ അറയ്ക്കല്‍, നൗഷാദ് മണ്ണിശ്ശേരി, ഹാരിസ് ആമിയന്‍, പി കെ സി അബ്ദുറഹിമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


മുസ്ലിംലീഗ് പ്രതിഷേധ വാരം 17മുതല്‍ 23വരെ

സംസ്ഥാന ബജറ്റില്‍ ജില്ലയോട് കാണിച്ച അവഗണനയ്‌ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഈമാസം 17 മുതല്‍ 23 വരെ പ്രതിഷേധ വാരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ സദസ് ഇതിന്റെ ഭാഗമായി നടത്തും. ജില്ലാ പഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ച പ്ലാന്‍ ഫണ്ടിലും വന്‍ വെട്ടിക്കുറവാണ് ഇക്കുറി ധനമന്ത്രി നടത്തിയിട്ടുള്ളത്. പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ വര്‍ഷാവര്‍ഷം 10 ശതമാനം വര്‍ധനവാണ് മുന്‍ കാലങ്ങളിലുണ്ടായിട്ടുള്ളത്. ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ ഏഴര കോടിയുടെ കുറവാണ് ജില്ലാ പഞ്ചായത്തിന് ബജറ്റില്‍.
2982 കോടി രൂപയുടെ നിര്‍ദേശങ്ങളാണ് ബജറ്റിന് മുമ്പ് ജില്ലയിലെ മന്ത്രിയും സ്പീക്കറും എം എല്‍ എമാരുമടക്കമുള്ളവര്‍ ധനമന്ത്രിക്ക് സമര്‍പ്പിച്ചത്. 26.4 കോടി രൂപമാത്രമാണ് 16 മണ്ഡലങ്ങളിലുമായി അനുവദിച്ചത്. കോടിക്കണക്കിന് രൂപ ആവശ്യമുള്ള പദ്ധതികള്‍ക്ക് 100 രൂപ ടോക്കണ്‍ മാത്രം അനുവദിച്ച് അപമാനിക്കുന്ന സമീപനമാണ് ധനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ലീഗ് ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. കിട്ടിയ തുകയില്‍ തന്നെ യു ഡി എഫ് എം എല്‍ എമാരുടെ മണ്ഡലങ്ങളോട് കടുത്ത അവഗണനയുമുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Sharing is caring!