അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന് കെപിഎ മജീദിന്റെ പരിഹാസം

അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന്  കെപിഎ മജീദിന്റെ പരിഹാസം

മലപ്പുറം: വയനാട്ടില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസം. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ല,’ കെ പി എ മജീദ് പറഞ്ഞു.

മാനേജ്‌മെന്റുകളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്. മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടല്‍ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.

വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിക്കകത്ത് വച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവം സംസ്ഥാനത്ത് വന്‍ വിവാദത്തിന് കാരണമായിരുന്നു. അധ്യാപകരുടെ അനാസ്ഥയും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുമാണ് പ്രധാന മരണകാരണമായി പറഞ്ഞത്. കേസില്‍ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നതും വിമര്‍ശനത്തിന് വഴിവച്ചു.

കേസിലെ ഒന്നും മൂന്നും പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി അധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരും സസ്‌പെന്‍ഷനിലാണ്. വിവാദം കെട്ടടങ്ങിയ ശേഷമാണ് വിദ്യാര്‍ത്ഥിനിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവനയുമായി കെപിഎ മജീദ് രംഗത്ത് വന്നത്.

Sharing is caring!