മലപ്പുറത്ത് മനുഷ്യകോട്ട തീര്‍ക്കാനെത്തിയത് അഞ്ചുലക്ഷത്തോളംപേര്‍

മലപ്പുറത്ത് മനുഷ്യകോട്ട  തീര്‍ക്കാനെത്തിയത്  അഞ്ചുലക്ഷത്തോളംപേര്‍

മലപ്പുറം: വെള്ളക്കാരന്റെ വിഭജന തന്ത്രങ്ങളെയും നിറതോക്കുകളെയും കൂസാത്ത മലപ്പുറത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ സമരപൈതൃകം അതേ ബ്രിട്ടീഷുകാരന്റെ പാദസേവകര്‍ക്കും കീഴടങ്ങില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ ഐക്കരപ്പടി മുതല്‍ പട്ടാമ്പി റോഡില്‍ പുലാമന്തോള്‍ വരെ 67 കിലോ മീറ്റര്‍ അഞ്ചുലക്ഷത്തോളം മനുഷ്യര്‍ ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ ചേര്‍ന്നു നിന്നു. അവരുടെ പത്തുലക്ഷം കൈകകള്‍ കൊരുത്ത കോട്ടയില്‍ അതിജീവനത്തിന്റെ, ഐക്യത്തിന്റെ പുതിയ സമരഗാഥ. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിച്ച് ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നവരോട് അവര്‍ വിളിച്ചു പറഞ്ഞു. ‘ഭയപ്പെടില്ല, നാടുവിടില്ല’. ഇന്ത്യയെയും അതിന്റ ജീവനായ ഭരണഘടനയെയെയും ഒരുമിച്ചുനിന്ന് കാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

മലബാര്‍ സമരനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായ കോട്ടക്കുന്നിന് അഭിമുഖമായി പുതുതലമുറ കൈകോര്‍ത്ത് പതിജ്ഞ പുതുക്കി. ഒരേ ഹൃദയതാളത്തോടെ. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ചൊല്ലിക്കൊടുക്കുമ്പോള്‍ സാക്ഷിയായി കാശ്മീരിന്റെ ജനകീയ സമരനായകനും പേരാളിയുമായ മുഹമ്മദ് യൂസുഫ് തരിഗാമി. അരികെ മന്ത്രി ഡോ കെ ടി ജലീലും. മനുസ്മൃതികൊണ്ട് ഭരണഘടനയേയും ചാതുര്‍വര്‍ണ്യം കൊണ്ട് ജനാധിപത്യക്രമത്തേയും മതാധിഷ്ഠിത ഭരണം കൊണ്ട് മതനിരപേക്ഷതയേയും പകരംവയ്ക്കാനുള്ള കുടിലനീക്കങ്ങളെ ജീവന്‍ നല്‍കിയും ചെറുക്കുമെന്ന പ്രഖ്യാപനം ഗര്‍ജനമായി അവസാനിക്കുമ്പോള്‍ കാണാനെത്തിയവരും ഏറ്റുവിളിക്കയായിരുന്നു. വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആദരം.വിചാരിച്ചതിലും ആളുകള്‍ ഒഴുകിയെത്തിയതോടെ രണ്ടും മൂന്നുവരിയായി മനുഷ്യമഹാശൃംഖല.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത ചേര്‍ന്ന പൊതുയോഗം മുഹമ്മദ് യുസഫ് തരിഗാമി ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രാഫ. എ പി അബ്ദുല്‍ വഹാബ് പ്രസംഗം പരിഭാഷപ്പെടുത്തി. മന്ത്രി ഡോ കെ ടി ജലീല്‍ അധ്യക്ഷനായി. പി കെ ശ്രീമതി, ആലങ്കോട് ലീലാകൃഷ്ണന്‍, ഫാ സെബാസ്റ്റിയന്‍ ചെമ്പുകണ്ടത്തില്‍, ഡോ. അബ്ദുള്‍ മജീദ് സ്വലാഹി, സുജാത വര്‍മ്മ, എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ പി പി സുനീര്‍, സിപിഐ എം ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഐക്കരപ്പടിയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി ആദ്യ കണ്ണിയും പി പി വാസുദേവന്‍ പുലാമന്തോളില്‍ ജില്ലയിലെ അവസാന കണ്ണിയുമായി. വി അബ്ദു റഹ്മാന്‍ എംഎല്‍എ, പി പി സുനീര്‍, ഇ എന്‍ മോഹന്‍ദാസ്, പികെ കൃഷ്ണദാസ്, ബാബു കാര്‍ത്തികേയന്‍, അഡ്വ. സഫറുള്ള, ടി എന്‍ ശിവശങ്കരന്‍, കവറൊടി മുഹമ്മദ്, മുസ്തഫ, ഡോ . അബ്ദുള്‍ മജീദ് സ്വലാഹി, ഇ പി അഷ്റഫ് ബാഖവി, മരുത അബ്ദുല്‍ അസീസ് മൗലവി, ഫാ. കെ എസ് ജോസഫ്, സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റിയന്‍ ചെമ്പുകണ്ടത്തില്‍, ഫാ ലിന്റോ, നിലമ്പൂര്‍ ആയിഷ, എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ഗിരിജ പാതേക്കര, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് തുടങ്ങിയവരും കണ്ണിയായി.

Sharing is caring!