മലപ്പുറത്തെ വര്‍ഗീയ ചിത്രീകരിച്ച എം.പി ശോഭ കരന്തലജെയ്‌ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു

മലപ്പുറത്തെ വര്‍ഗീയ ചിത്രീകരിച്ച എം.പി ശോഭ കരന്തലജെയ്‌ക്കെതിരെ  കുറ്റിപ്പുറം പോലീസ് കേസെടുത്തു

മലപ്പുറം: പൗരത്വ നിയമത്തെ അനുകൂലിച്ചു നടന്ന പരിപാടിയില്‍ പങ്കെടുത്ത കുറ്റിപ്പുറം പൈങ്കണ്ണൂരിലുള്ളവര്‍ക്ക് കുടിവെള്ളം നിഷേധിച്ചതായും അവര്‍ക്ക് സേവാഭാരതി വെള്ളം നല്‍കുന്നതായും ട്വീറ്റ് ചെയ്ത ബി.ജെ.പിയുടെ ചിക്മംഗ്ലൂര്‍ എം.പി ശോഭ കരന്തലജെയ്‌ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തിയതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് കേസ്. സുപ്രീം കോടതി അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ സുഭാഷ് ചന്ദ്രന്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പൈങ്കണ്ണൂര്‍ ചെറുകുന്ന് പ്രദേശവാസികള്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വെള്ളമെടുത്തിരുന്നത്. കിണറില്‍ വെള്ളം കുറഞ്ഞപ്പോള്‍ മറ്റു വഴികള്‍ കണ്ടെത്തണമെന്ന് വീട്ടുടമസ്ഥന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതു മറച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചു. ട്വീറ്റ് വ്യാപമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
പൈങ്കണ്ണൂര്‍ ചെറുകുന്ന് കോളനിയിലെ ഏതാനും കുടുംബങ്ങളാണ് പൗരത്വ അനുകൂല റാലിയില്‍ പങ്കെടുത്തതിന് കുടിവെള്ളം നല്‍കുന്നില്ലെന്ന് ആരോപിച്ചത്. എന്നാല്‍ ഇക്കാര്യം ആരോപണ വിധേയരായ കുടുംബം നിഷേധിച്ചു. തൊട്ടടുത്തെ മറ്റൊരാളുടെ കിണറില്‍ സ്വന്തം ചെലവില്‍ മോട്ടോര്‍വച്ചാണ് വെള്ളം നല്‍കുന്നത്. കിണറില്‍ വെള്ളം കുറഞ്ഞതോടെ നല്‍കുന്ന വെള്ളത്തിന്റെ അളവും കുറക്കേണ്ടിവരുമെന്ന് അറിയിച്ചിരുന്നു. വൈദ്യുതി ബില്ലിനത്തിലും വലിയ തുക അടയ്ക്കുന്നുണ്ട്. ആര്‍ക്കും വെള്ളം നല്‍കാതിരുന്നിട്ടില്ലെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കുടുംബം പറയുന്നു.കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്.കഴിഞ്ഞ ദിവസം മുതല്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം തുടങ്ങിയിട്ടുണ്ട്. പൗരത്വ നിയമത്തെ അനുകൂലിച്ചതിന് സ്വകാര്യവ്യക്തി കുടിവെള്ളം കോളനി നിവാസികള്‍ക്ക് നിഷേധിച്ചിരിക്കുന്നു എന്ന് ജലവിതരണ വാഹനത്തില്‍ ബാനര്‍ കെട്ടിയ സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

Sharing is caring!