കോട്ടക്കുന്നില്‍ ‘മലബാര്‍ കാര്‍ണിവല്‍’ ആരംഭിച്ചു

കോട്ടക്കുന്നില്‍ ‘മലബാര്‍ കാര്‍ണിവല്‍’ ആരംഭിച്ചു

മലപ്പുറം കോട്ടക്കുന്നില്‍ ആരംഭിച്ച ‘മലബാര്‍ കാര്‍ണിവല്‍’ ജനകീയോത്സവമാവുന്നു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ല ഭരണ കൂടത്തിന്റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ നടക്കുന്ന മേള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നേട്ടങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുന്ന സംസ്ഥാനം ആഗോളമായി നടക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാമൂഹിക ബോധം ദൃഢപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഇതര സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാണ്. എന്നാല്‍ സ്ത്രീ പുരുഷ സമത്വത്തില്‍ ഇപ്പോഴും പിന്തുടരുന്ന പഴയ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ഐക്യത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. വിവിധ സംസ്‌ക്കാരങ്ങളുടെ ഇഴുകിച്ചേരനിലുള്ള സഹിഷ്ണുതയുടെ നാടായി സംസ്ഥാനം നിലനില്‍ക്കണം. പ്രകൃതി ദുരന്തങ്ങള്‍ തളര്‍ത്തിയ ജില്ലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമാണ് മലബാര്‍ കാര്‍ണിവലെന്നും സ്പീക്കര്‍ പറഞ്ഞു.

മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് ചൗധരി, നഗരസഭ കൗണ്‍സിലര്‍മാരായ സലീന റസാഖ്, കല്ലിടുമ്പില്‍ വിനോദ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ വി.പി. അനില്‍, കെ. മോഹന്‍ദാസ്, വിലാസിനി, മുഖ്യ പ്രായോജകരായ സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രതിനിധി നിധിന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജനകീയോത്സവമായി മാറിയ കാര്‍ണിവലിലെ വിവിധ സ്റ്റാളുകള്‍ സ്പീക്കര്‍ നേരിട്ടു സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ കാര്‍ണിവലില്‍ സജീവ സാനിധ്യമായി. സര്‍ക്കാര്‍, സ്വകാര്യ വിഭാഗങ്ങളിലായി 75 സ്റ്റാളുകളാണ് സൂര്യ മലബാര്‍ കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. സര്‍ക്കാറിന്റെ വിവിധ ക്ഷേമ വികസന പദ്ധതികളുടെ നേര്‍ചിത്രങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളും വ്യവസായ വകുപ്പിന്റെ 25 സ്റ്റാളുകളും ഭക്ഷ്യ വിപുലതയുമായി കുടുംബശ്രീയുടെ ഏഴു സ്റ്റാളുകളും വ്യാവസായിക ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള രണ്ടു സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നു. എന്‍.ആര്‍.ജി.എസ്, ഫയര്‍ ഫോഴ്സ്, ശുചിത്വ മിഷന്‍, സാമൂഹ്യനീതി വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും മേളയുടെ ഭാഗമാണ്.

ആരംഭത്തില്‍ തന്നെ വന്‍ ജനസ്വീകാര്യതയാണ് കോട്ടക്കുന്നില്‍ പുരോഗമിക്കുന്ന സൂര്യ മലബാര്‍ കാര്‍ണിവലിനു ലഭിക്കുന്നത്. കുടുംബ സമേതമുള്ള ഒഴുക്ക് കാര്‍ണിവല്‍ നഗരിയില്‍ പ്രകടമാണ്. ഉദ്ഘാടന ദിവസം പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും അവതരിപ്പിച്ച കലാ വിരുന്ന് ആവേശമായി. കാര്‍ണിവല്‍ സമാപിക്കുന്ന ജനുവരി അഞ്ചുവരെ വിവിധ കലാപരിപാടികള്‍ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമൊരുക്കും.

Sharing is caring!