കുരയ്ക്കുന്ന പട്ടികളെ മുഴുവന്‍ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: മാര്‍ക്കുദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരേ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി. സര്‍വകലാശാലയുടെ സ്വയം ഭരണാവകാശത്തില്‍ ഇടപെട്ടുവെന്നതിന് കൂടുതല്‍ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രി രാജിവെക്കണമെന്നും മുഖ്യമന്ത്രി രാജിചോദിച്ചുവാങ്ങണമെന്നുമായിരുന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നത്.

അതിനോടുള്ള പ്രതികരണത്തിലാണ് മന്ത്രി ജലീല്‍ ചെന്നിത്തലയെ വെല്ലുവിളിച്ചത്. തനിക്കെതിരേ ഗവര്‍ണര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വല്ലതും പറഞ്ഞതിനു തെളിവുണ്ടെങ്കില്‍ ആ കത്ത് പ്രതിപക്ഷ നേതാവ് പുറത്തുവിടണം. ആ കത്തില്‍ തനിക്കെതിരേയോ ഓഫിസിനെതിരോ ഗവര്‍ണര്‍ വല്ലതും പറഞ്ഞു എന്നു തെളിയിച്ചാല്‍ പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ ചെയ്യാമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ടായിരുന്നു ജലീലിന്റെ വെല്ലുവിളി. കുരയ്ക്കുന്ന പട്ടികളെ മുഴുവന്‍ വെല്ലുവിളിച്ച് നമുക്കു മുന്നോട്ടുപോകാനാവില്ലെന്നും അങ്ങനെ പോയാല്‍ നമുക്ക് ലക്ഷ്യസ്ഥാനത്തെത്താനാവില്ലെന്നും ജലീല്‍ പറഞ്ഞു. സര്‍വകലാശാല അദാലത്തുകളില്‍ നിയമം മറികടന്ന് ഇടപെട്ടുവെന്നായിരുന്നു മന്ത്രിക്കെതിരേ പുറത്തുവന്ന തെളിവുകള്‍ എന്നായിരുന്നു വാര്‍ത്ത.
അദാലത്ത് പരിഗണിച്ച ശേഷം തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്ന് ഉത്തരവിറക്കി. അദാലത്തിലെടുക്കുന്ന തീരുമാനങ്ങളുടെ വിശദാംശം അന്നേദിവസം രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

കെടി ജലീല്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇടപെടുന്നത് ദുരൂഹം. അതേ സമയം, ഉത്തരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈസ് ചാന്‍സലര്‍മാരും മറച്ചുവെച്ചു. ഇതോടെ വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന ഫയലുകളില്‍ ഇടപെട്ടുവെന്നതില്‍ ദുരൂഹത വര്‍ധിക്കുകയാണ്.

Sharing is caring!