രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ പ്രസംഗിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നുവെന്ന് വി.ടി ബല്‍റാം എം.എല്‍.എ

രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍  പ്രസംഗിച്ചത് സഫ മലയാളത്തിലേക്ക്  കോപ്പിയടിക്കുകയായിരുന്നുവെന്ന്  വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: വയനാട് എം.പിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായ കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനി സഫ ഫെബിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം.
‘മലപ്പുറത്തെ കുട്ടികള്‍ മുഴുവന്‍ കോപ്പി അടിച്ചാണ് പരീക്ഷ പാസാകുന്നത്’ എന്ന വി.എസ് അച്യുതാനന്ദന്റെ ആരോപണത്തിനും കൂടിയുള്ള മറുപടിയാണ് വി.ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.
‘മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിക്കുന്നവരാണ്’.
അതെ, രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫയെ രാഹുല്‍ തന്റെ പ്രസംഗം തര്‍ജമ ചെയ്യാന്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ക്ഷണം സ്വീകരിച്ച സഫ പരിഭ്രമമൊന്നുമില്ലാതെ വേദിയിലെത്തി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ചു. മികച്ച രീതിയില്‍ തന്നെ പരിഭാഷയും വന്നപ്പോള്‍ സദസും കൈയടിച്ചു. പ്രസംഗം സോഷ്യല്‍ മീഡിയയിലും നിറയുകയാണ്.

Sharing is caring!