രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം

രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ  വീട്ടിലെത്തിയ യുവാവിന് നേരെ  സദാചാര ഗുണ്ടാ ആക്രമണം

പൊന്നാനി: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ
വീട്ടിലെത്തിയ യുവാവിന് നേരെ
സദാചാര ഗുണ്ടാ ആക്രമണം. പതിനഞ്ചു പേര്‍ക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു
പെരുമ്പടപ്പില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ഒരു സംഘം സദാചാര ഗുണ്ടകളുടെ ആക്രമണം. പെരുമ്പടപ്പ് സ്വദേശി ബാദുഷക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയില്‍ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.

രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ബാദുഷയെ നാട്ടുകാരില്‍ ഒരു സംഘം വലിയ വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബാദുഷയുടെ അകന്ന ബന്ധു കൂടിയാണ് സുഹൃത്തായ യുവതി. ഇരുകുടുംബങ്ങള്‍ തമ്മില്‍ ഏറെക്കാലമായി പരിചയവുമുണ്ട്. സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. യുവതിയുടെ ഭര്‍ത്താവിനോ കുടുംബത്തിനോ യുവതിയുടെ കുടുംബത്തിനോ ബാദുഷ വീട്ടിലെത്തിയതില്‍ പരാതിയുണ്ടായിരുന്നില്ല, ബുദ്ധിമുട്ട് നാട്ടുകാരില്‍ ചിലര്‍ക്കായിരുന്നു.

പതിവായി ഈ വീട്ടില്‍ ബാദുഷ വരുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ രാത്രി വടികളുമായി എത്തി ആക്രമിക്കുകയായിരുന്നു. ബാദുഷയെ വീട്ടില്‍ നിന്ന് ചിലരെത്തി വിളിച്ചിറക്കി. പിന്നാലെ കൂടുതല്‍ പേര്‍ വടികളുമായി എത്തി. ആക്രമണം തുടങ്ങി. ബാദുഷയുടെ കൈ പിടിച്ച് തിരിക്കുമ്പോള്‍ത്തന്നെ വീട്ടിലെ സ്ത്രീകള്‍ ‘ഒന്നും ചെയ്യല്ലേ’ എന്ന് കരഞ്ഞ് അഭ്യര്‍ത്ഥിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാലിത് കണ്ടതോടെ വളഞ്ഞിട്ട് ബാദുഷയെ ആള്‍ക്കൂട്ടം തല്ലാന്‍ തുടങ്ങി.

സ്ത്രീകളുള്ള വീടാണ്, എനിക്ക് പരിചയമുള്ള വീടാണ്, നമുക്ക് പുറത്ത് പോയി സംസാരിക്കാമെന്ന് ബാദുഷ അഭ്യര്‍ത്ഥിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. ‘വേണ്ടെടാ നീ ഇവിടെ ചെയ്യ്’ എന്നാണ് ബാദുഷയെ കയ്യേറ്റം ചെയ്യുന്ന കൂട്ടത്തിലൊരാള്‍ ആക്രോശിക്കുന്നത്. റംഷാദേ, ഇനിയെന്ത് വേണം എന്നും വീഡിയോ പകര്‍ത്തുന്നയാള്‍ ചോദിക്കുന്നത് കേള്‍ക്കാം.

ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളെല്ലാം പകര്‍ത്തിയത് അക്രമം നടത്തിയ സദാചാര ഗുണ്ടാ സംഘത്തിലുള്ളവര്‍ തന്നെയാണ്. ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലും വാട്‌സാപ്പിലും മറ്റും പ്രചരിപ്പിച്ചതിലൂടെയാണ് അക്രമം പുറത്തറിഞ്ഞത്.
പരിക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Sharing is caring!