തിരൂര്‍ മലയാളം സര്‍വകലാശാലയിലെ 10 അസിസ്റ്റന്റ് പ്രഫസര്‍ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

തിരൂര്‍ മലയാളം  സര്‍വകലാശാലയിലെ 10 അസിസ്റ്റന്റ് പ്രഫസര്‍  നിയമനങ്ങള്‍ ഹൈക്കോടതി  റദ്ദാക്കി

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയിലെ 10 അസിസ്റ്റന്റ് പ്രഫസര്‍ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. ഈ നിയമനങ്ങള്‍ മിനിമം യോഗ്യത സംബന്ധിച്ച 2010ലെ യുജിസി ചട്ടങ്ങള്‍ക്കും 2013ലെ സര്‍വകലാശാലാ നിയമത്തിനും അനുസൃതമല്ലെന്നും നിയമ വിരുദ്ധമാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്. ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ സര്‍വകലാശാലയ്ക്കു കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ സാധ്യമാണെന്ന് കോടതി വ്യക്തമാക്കി.

തസ്തികകളില്‍ നിയമനത്തിന് അപേക്ഷ നല്‍കിയിരുന്ന ഡോ. പി.സതീശ്, ഡോ. എം.പ്രിയ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 2016 ജൂലൈ 22നാണ് അസി. പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കിയത്. നിയമന നടപടിക്രമങ്ങള്‍ സര്‍വകലാശാല നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.

2010ലെ യുജിസി ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് കോടതി വിലയിരുത്തി. സിലക്ഷന്‍ നടപടികള്‍ സുതാര്യവും വിശ്വാസയോഗ്യവുമല്ല. സിലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അപേക്ഷകരുടെ യോഗ്യത വിലയിരുത്താന്‍ വേണ്ടവിധം ആയിരുന്നില്ല. കമ്മിറ്റിയില്‍ ഓരോ വിഷയത്തിനും വിദഗ്ധര്‍ ഉണ്ടായിരുന്നില്ല.

Sharing is caring!