മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ്; സിബി വയലില്‍ റിമാന്റില്‍

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ്;  സിബി വയലില്‍ റിമാന്റില്‍

മലപ്പുറം: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ നിലമ്പൂരിലെ മേരി മാതാ എജ്യൂക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റ് എംഡിയും മലയോര വികസന സമിതി നേതാവുമായ സിബി വയലില്‍ റിമാന്റില്‍. ശനിയാഴ്ച രാവിലെ 11ഓടെ മൂവാറ്റുപുഴയിലെ ബാറില്‍ നിന്ന് നിലമ്പൂര്‍ പോലിസും മൂവാറ്റുപുഴ പോലിസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ താമസിക്കാനായി വസ്ത്രങ്ങളുമായി പോവുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇദ്ദേഹത്തിനെതിരേ നിലമ്പൂര്‍ പോലിസ് സ്റ്റേഷനില്‍ മാത്രം 9 കേസുകള്‍ നിലവിലുണ്ട്. തൃശൂര്‍ അമല, സിഎംസി വെല്ലൂര്‍ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 30-35 ലക്ഷം രൂപയോളം വീതം വാങ്ങി വഞ്ചിച്ചെന്നു കാണിച്ച് ഒമ്പതുപേരാണ് പരാതി നല്‍കിയത്.

ആഗസ്തില്‍ പ്രവേശനം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി വ്യക്തമായത്. ഒമ്പതു പേരില്‍ നിന്നു മാത്രമായി രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിലമ്പൂരിനു പുറമെ തിരൂര്‍, വയനാട്, കോഴിക്കോട് പോലിസ് സ്റ്റേഷനുകളില്‍ സമാന പരാതികള്‍ നിലവിലുണ്ട്. കൂടുതല്‍ പരാതികളുണ്ടോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ നാലു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണു പോലിസ് നിഗമനം നിലമ്പൂരില്‍ ഓഫിസും ആഡംബര വീടും വാഹനങ്ങളും സ്വന്തമായുണ്ട്. ചാനലുകളിലൂടെയും മറ്റും പരസ്യം നല്‍കി മെഡിസിന്‍, നഴ്സിങ്, വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയ്ക്കു പ്രവേശനം നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചക്ക ചിഹ്നത്തില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു.

Sharing is caring!