‘ലോകം തിരുനബിയെ തേടുന്നു’ സമദാനിയുടെ പ്രഭാഷണം

തിരൂര്‍: അപരത്വ നിര്‍മിതിയും കാരുണ്യ നിഷേധവും ഇരുട്ട് സൃഷ്ടിക്കുന്ന ഒരു കാലത്ത് വിശാലമായ മനുഷ്യ സാഹോദര്യത്തിന്റെയും അതിര്‍ത്തികളില്ലാത്ത സ്നേഹത്തിന്റെയും സന്ദേശമായി ഓരോരുത്തരും മാറുകയാണ് വേണ്ടതെന്ന് എം പി അബ്ദുസമദ് സമദാനി പറഞ്ഞു. വിശേഷിച്ചും സമൂഹത്തിലെ ദുര്‍ബലര്‍ ക്രൂരതകള്ക്കിരയാക്കപ്പെടുകയാണ്. മുതിര്‍ന്നവരുടെ പാരുഷ്യം നിഷ്കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന പരിക്ക് സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്നത് കാരുണ്യമില്ലായ്മയുടെ അടയാളമായി വേണം മനസ്സിലാക്കാന്‍. അതിനാല്‍ മാനവ മൈത്രിയും വിശ്വ സ്നേഹവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
മുഹമ്മദ് നബി സ്ര) യുടെ കാരുണ്യ സന്ദേശം കേന്ദ്രമാക്കിക്കൊണ്ടുള്ള നൈതിക, സാഹിത്യ വിഷയങ്ങളിലെ ഉന്നത പഠന സ്ഥാപനമായ റഹ്മത്തുന്‍ ലില്‍ ആലമീന്‍ സെന്റര്‍ തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ‘ലോകം തിരുനബി(സ)യെ തേടുന്നു’ എന്ന പ്രമേയത്തെ സംബന്ധിച്ചുള്ള പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം. സ്നേഹ ശ്യൂനത നിറയുന്ന ലോകത്തിന് കാരുണ്യത്തിന്റെ ഹൃദയസ്പര്‍ശമാണ് വിശുദ്ധ പ്രവാചകന് മുഹമ്മദ് നബി (സ) പ്രധാനം ചെയ്യുന്നത്.തിരുനബിയുടെ അദ്ധ്യാപനങ്ങളുടെയും ജീവിതത്തിന്റെയും ഏറ്റവും വലിയ സന്ദേശം കരുണയും മനുഷ്യത്വവുമാണ്. മത, വംശ, ദേശ, വര്‍ണ്ണ, വര്‍ഗങ്ങളുടെ ഭിന്നതകള്‍ തകര്‍ത്ത് സാര്വ്വലൗകീകമായമായ മനുഷ്യത്വം സ്ഥാപിച്ച പുണ്യ റസൂല്‍(സ) യാന്ത്രികതയുടെ കാഠിന്യങ്ങളും അധര്‍മ്മത്തിന്റെ കാടത്തങ്ങളും നിറയുന്ന ലോകത്തിന് അത്യുദാത്തമായ മാതൃകയാകുന്നു.
ഭൗതിക രംഗത്തെ വികാസ പരിണാമങ്ങളും വിവര സാങ്കേതിക വിദ്യാരംഗങ്ങളിലെ സ്ഫോടനാത്മകമായ പുരോഗതിയും ഉപയോഗപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ സാംസ്കാരിക നിലവാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെതിരെയുള്ള ബോധവല്കരണം അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. ഇളം തലമുറയെ ലഹരിക്കടിമപ്പെടുത്തി രാഷ്ട്രത്തെയും ജനതയെയും തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ വ്യാപകമാണ്. ഗ്രാമങ്ങളെയും നഗരങ്ങളെയും അവിടങ്ങളിലെ വിദ്യാലയ പരിസരങ്ങളെയും മനുഷ്യരുടെ പാര്പ്പിടങ്ങളെയുമെല്ലാം നരക തുല്യമാക്കുന്നതിന് മുമ്പ് ലഹരി പിശാചിനെ പിടിച്ച് കെട്ടാനുള്ള കര്‍ശന നടപടികള്‍ വേണ്ടതുണ്ട്.
തടയാനും ചെറുക്കാനും സാധിക്കാത്ത പിഞ്ചോമനകള്‍ പ്രബുദ്ധ കേരളത്തില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ സമൂഹം സംസ്കാരത്തില്‍ നിന്ന് അകലുന്നതിന്റെ സൂചികകളാണ്. പഠിപ്പും വിദ്യാഭ്യാസവും കൊണ്ട് മാത്രം കാര്യമായില്ല. ജീവിതത്തിന്റെ എല്ലാ വിദാനങ്ങളിലും കാരുണ്യം സ്ഥാപിക്കേണ്ടതുണ്ട്. അതിന്റെ വികാസമാകുന്നു യഥാര്‍ത്ഥ സാമൂഹിക വികസനം.
വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങളനുഭവിക്കുന്ന ക്ലേശങ്ങള്‍ക്കുള്ള പ്രധാന കാരണം പ്രാഥമിക വിദ്യാഭ്യാസത്തോട് പുലര്‍ത്തുന്ന കടുത്ത അവഗണനയാണ്. അനാവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്ന ഫണ്ടിന്റെ ഒരംശം മതിയായിരുന്നു പ്രൈമറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍. അതോടൊപ്പം കേരളത്തില്‍ വീടുകളും പാഠശാലകളുമെല്ലാം കുട്ടികള്‍ക്ക് അന്യമായിത്തീരുന്ന ഭീകരാവസ്ഥക്ക് അടിയന്തര പരിഹാരവും അനിവാര്യമാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് എവിടെയും രക്ഷയില്ലെന്ന് വരുന്നത് പുരോഗമനത്തിന്റെയും നവോഥാനത്തിന്റെയും അവകാശവാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്.
സ്വാഗതസംഘം ചെയര്മാന് പി പി അബ്ദുല്ല ആധ്യക്ഷ്യം വഹിച്ചു. ഹാഫിദ് ഫൈസല്‍ മൗലവി ഖിറാഅത്തും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നൗഷാദ് അന്നാര സ്വാഗതവും നിര്‍വ്വഹിച്ചു. റഹ്മത്തുന്‍ ലില്‍ ആലമീന്‍ പ്രസിഡന്റ ്ഫൈസല്‍ മുനീര്‍ ആമുഖ ഭാഷണം നടത്തി. വി കെ റഷീദ്, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, ബഷീര്‍ വെട്ടം, അബ്ദുല്‍ ജബ്ബാര്‍ അടാട്ടില്‍, ഇസ്ഹാഖ് വാഴക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. പി പി അബ്ദുല്‍ റസാഖ് നന്ദി പറഞ്ഞു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും