സി.പി.എം തലോടി വളര്‍ത്തുന്നത് ഇസ്ലാമോഫോബിയയുടെ സാധ്യതകള്‍ തിരയുന്ന മനോരോഗികളെയാണെന്ന് കെ.എം ഷാജി

സി.പി.എം തലോടി വളര്‍ത്തുന്നത്  ഇസ്ലാമോഫോബിയയുടെ സാധ്യതകള്‍  തിരയുന്ന മനോരോഗികളെയാണെന്ന്  കെ.എം ഷാജി

മലപ്പുറം: സി.പി.എം തലോടി വളര്‍ത്തുന്നത് ഇസ്ലാമോഫോബിയയുടെ സാധ്യതകള്‍ തിരയുന്ന മനോരോഗികളെയാണെന്ന് കെ.എം ഷാജി എം.എല്‍.എ.വിജയരാഘവനും മോഹനനും ഉള്‍പ്പെടുന്നവരുടെ വര്‍ഗീയ അസ്‌കിത ഒരു മനോരോഗ ചികിത്സകൊണ്ടും സുഖപ്പെടുത്താനാവില്ലെന്നും അദ്ദേഹം ഫേസ്ബക്കില്‍ കുറിച്ചു.

സ്വന്തം തത്വസംഹിതയുടെ പിടിപ്പുകേടുകൊണ്ട് ആളുകള്‍ വഴി തെറ്റുമ്പോള്‍ അതിന് പിറകിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ചികിത്സിക്കാനാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി ശ്രമിക്കേണ്ടത്. ഏതൊരു വിഷയവും അതിന്റെ മെറിറ്റില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ലൊരു ഉപാധിയാണ് ഇസ്ലാം ഭീതി. ടി.പി വധക്കേസിലെ ‘മാഷാ അള്ളാഹ്’ സ്റ്റിക്കര്‍ മുതല്‍ ഏറ്റവുമൊടുവില്‍, ഒദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ വടകര സബ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്റെ മുസ്ലിം സ്വത്വത്തിനെതിരെയുള്ള സി.പി.എം നേതാവ് ഭാസ്‌കരന്റെ കൊലവിളി പ്രസംഗമടക്കം ഇത്തരത്തിലുള്ളതാണ്. വിജയരാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഭാസ്‌കരനുമുള്‍പ്പെടെ നേരത്തെ അച്യുതാനന്ദനടക്കമുള്ളവര്‍ സമീപകാലത്തെ സി.പി.എം മുന്നോട്ട് വെക്കുന്ന ഈ മനോഭാവത്തിന്റെ നിദര്‍ശനങ്ങളാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

മാവോയിസ്റ്റുകള്‍ ഏതെങ്കിലുമൊരു തത്വസംഹിതയുമായി പ്രത്യക്ഷമായ ബന്ധം പുലര്‍ത്തുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ്. ഇവര്‍ക്കൊപ്പം മുസ്ലിം ഭീതി കൂടി സമം ചേര്‍ത്താല്‍ കിട്ടുന്ന സാധ്യതയുടെ വലിയ രസതന്ത്രമുണ്ട്. മോഹനനെ പോലുള്ളവര്‍ കണ്ണ് വെക്കുന്നതും കുമ്മനത്തെ പോലെയുള്ളവര്‍ അഭിവാദ്യം ചെയ്യുന്നതും എന്തിനാണെന്ന് തിരിച്ചറിയാന്‍ മുസ്ലിം സഖാക്കളൊഴികെയുള്ളവര്‍ക്ക് മിനിമം സെന്‍സ് മതി.
മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാരെ പോലും റിക്രൂട്ട് ചെയ്യുന്ന തീവ്രവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്ന് ഭരിക്കുന്ന പാര്‍ട്ടിയിലെ മോഹനനെ പോലെയുള്ള ദുരന്തങ്ങളാണ് നിലവിളിക്കുന്നത് എന്നോര്‍ക്കുക. മോദിയുടെ ഭരണത്തിന് തീവ്രതയില്ലെന്ന് സാക്ഷി മഹാരാജ് പറയുന്നത് പോലെയൊരു അസംബന്ധമാണെതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

Sharing is caring!