നിലമ്പൂര്‍ ഓര്‍ഫനേജ് സുവര്‍ണ ജൂബിലി ആാഘോഷത്തിന് വ്യാഴാഴ്ച തുടക്കം

നിലമ്പൂര്‍ ഓര്‍ഫനേജ്  സുവര്‍ണ ജൂബിലി ആാഘോഷത്തിന്  വ്യാഴാഴ്ച തുടക്കം

നിലമ്പൂര്‍: മലയോരത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രമായി അറിയപ്പെടുന്ന നിലമ്പൂര്‍ മുസ്ലിം ഓര്‍ഫനേജ് സുവര്‍ണ ജൂബിലി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പദ്ധതികളാണ് ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. 21 ന് ഉച്ചയ്ക്ക് 3 മണിക്ക് നിലമ്പൂര്‍ മൈലാടി അമല്‍ കോളേജ് ക്യാംപസില്‍ എം. എ. യൂസുഫലി ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനാവും. പി.കെ ബഷീര്‍ എം.എല്‍.എ, പി.വി അന്‍വര്‍ എം.എല്‍.എ, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. 1969ലാണ് നാലകത്ത് ബീരാന്‍ ഹാജി, ഡോ. എം. ഉസ്മാന്‍ സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ ഉദ്യമത്തില്‍ 11 അനാഥ വിദ്യാര്‍ഥികളുമായി ഓര്‍ഫനേജ് മൈലാടിയില്‍ സ്ഥാപിക്കപ്പെട്ടത്. 1999 മുതല്‍ പി.വി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഓഫര്‍നേജ് പ്രവര്‍ത്തനം നടന്നുവരുന്നത്. ഓര്‍ഫനേജിന്റെ കീഴിലായി നിരവധി വിദ്യാഭ്യാസ, തൊഴില്‍ അധിഷ്ഠിത കേന്ദ്രങ്ങള്‍, ബോയ്സ് ഹോസ്റ്റല്‍, ഗേള്‍സ് ഹോസ്റ്റല്‍, അറബിക് കോളെജ്, അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ജെ.എസ്.എസ് മലപ്പുറവും (ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ മലപ്പുറം), തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കപ്പെട്ടു. അനാഥകള്‍ക്ക് 20ശതമാനം സീറ്റ് സംവരണം ചെയ്യുന്ന രാജ്യത്തെ ഒരേയൊരു കലാലയം എന്ന ബഹുമതി അമല്‍ കോളേജിനു മാത്രമാണ്. നാക്കിന്റെ ‘എ’ ഗ്രേഡ് കോളേജ് എന്ന പദവിയും അമല്‍ കോളേജ് നേടിയെടുത്തു. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ പരിശീലന കോഴ്സുകളില്‍ പഠിച്ചിറങ്ങിയ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നേടാനായി. യുനെസ്‌കോയുടെ അന്താരാഷ്ട്ര സാക്ഷരതാ പുരസ്‌കാരം ജെ.എസ്.എസിനെ തേടിയെത്തി.
50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സ്വപ്ന പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. പദ്ധതികളെിലാന്ന് വര്‍ഷം തോറും 200 അനാഥ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കും. പൂര്‍വ വിദ്യാര്‍ഥികളുടെ അലുംനി ഗ്രാന്റ് ഫിനാലെ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പുതിയ യു.ജി, പി.ജി. അഫിലിയേറ്റഡ് കോളേജ്, ജെ.എസ്.എസ് -നു കീഴില്‍ 2000 പേര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും, 200 സംരംഭകത്വ അയല്‍കൂട്ടങ്ങള്‍, താമസിച്ച് പഠിപ്പിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍, ആദിവാസി പട്ടികജാതി തീരദേശ മേഖലകളില്‍ പുതിയ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കും. അമല്‍ കോളേജിന്റെ കീഴില്‍ പുതിയ യു.ജി., പി.ജി. കോഴ്‌സുകള്‍, ഗവേണഷണ കേന്ദ്രങ്ങള്‍, ആധുനിക വിജ്ഞാന വിനിമയ സൗകര്യങ്ങളോടുകൂടിയുള്ള ബൃഹത്തായ ലൈബ്രറി, സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്റര്‍, പൊതുജനങ്ങള്‍ക്കുള്ള സ്‌കില്‍ പാര്‍ക്ക്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, അന്തര്‍ദേശീയ സെമിനാറുകള്‍, ജൗഹറുല്‍ ഇസ്ലാഹ് അറബിക് കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ ജോലി സാധ്യതയും വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി പി.എം ഉസ്മാനലി, അമല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എം അബ്ദുല്‍ സാക്കിര്‍, അറബിക് കോളെജ് പ്രിന്‍സിപ്പാള്‍ എം. എം. നദ് വി, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമര്‍ കോയ, യു. മൂസ ഹാജി ചുങ്കത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!