മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയമലപ്പുറത്തെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാനെത്തുന്നു

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ റസിഡന്‍ഷ്യല്‍ ഫുട്ബാള്‍ സ്‌കൂള്‍ കേരളത്തിലും ആരംഭിക്കുന്നു. നിലമ്പൂരിലെ പീവീസ് സ്‌കൂളുമായി സഹകരിച്ചാണ് ബി.ബി.എഫ്.എസ് അക്കാഡമി (ബൈചുങ് ബൂട്ടിയ ഫുട്ബാള്‍ സ്‌കൂള്‍) സംസ്ഥനത്തെത്തുന്നത്. ബി.ബി.എഫ്.എസ് അക്കാഡമിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കുട്ടികളെ തിരഞ്ഞെടുക്കാന്‍ ട്രയല്‍സ് മത്സരങ്ങള്‍ കൊച്ചിയിലും കോഴിക്കോടുമായി നടത്തും. കേരളമില്ലാതെ ഇന്ത്യന്‍ ഫുട്ബോളിന് മുന്നോട്ട് പോകാനാവില്ലെന്ന് ബെചുങ് ബൂട്ടിയ പറഞ്ഞു. കേരളത്തിലുള്ളവര്‍ ഫുട്ബോളിനെ കുറിച്ച് അഭിനിവേശമുള്ളവരാണ്. തനിക്കിവിടം സ്വന്തംവീട് പോലെയാണ്. ഫുട്ബോളിനെ പിന്തുണക്കുന്ന നിരവധി ആരാധകര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളില്‍ കേരളത്തിന്റെ മെക്ക എന്ന വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് മലപ്പുറം. അതുകൊണ്ടാണ് ബി.ബി.എഫ്.എസിന്റെ രണ്ടാമത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങുന്നതിന് മലപ്പുറത്തെ തിരഞ്ഞെടുത്തതെന്നും ബൈചുങ് ബൂട്ടിയ പറഞ്ഞു.
ഡിസംബര്‍ ഒന്നിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും ഏഴ്, എട്ട് തിയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മൈതാനത്തും ട്രയല്‍സ് നടത്തും. ട്രയല്‍സില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെയാണ് നിലമ്പൂരിലെ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കുക. ഒപ്പം കൊച്ചിയിലെ വിവിധ മൈതാനങ്ങളില്‍ നോണ്‍ റസിഡന്‍ഷ്യല്‍ കോച്ചിങ് സെന്ററുകള്‍ തുടങ്ങാനും ബി.ബി.എഫ്.എസ് ലക്ഷ്യമിടുന്നു. അഞ്ചു മുതല്‍ 12ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാനുള്ള അവസരം. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സ്‌കോളര്‍ഷിപ്പോടെ ബി.ബി.എഫ്.എസില്‍ പരിശീലനം നേടാം.

കുരുന്നു പ്രതിഭകളെ കണ്ടെത്തി അവരെ ഭാവിയിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളാവാന്‍ സജ്ജരാക്കുകയെന്ന ലക്ഷ്യമാണ് സംയോജിത റെസിഡന്‍ഷ്യല്‍ പ്രോഗ്രാമിനുള്ളതെന്നും കേരളത്തില്‍ ഫുട്ബാളിനുള്ള സ്വീകാര്യത അനുഭവിച്ചറിഞ്ഞതിനാലാണ് ബി.ബി.എഫ്.എസ് തുടങ്ങുന്നതെന്നും ബൂട്ടിയ പറഞ്ഞു. ഫുട്ബാള്‍ പരിശീലനത്തോടൊപ്പം കുട്ടികളുടെ സ്‌കൂള്‍ കരിയറും മുന്നോട്ട് കൊണ്ട് പോകാനാണ് പീവീസ് സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും ബൂട്ടിയ വ്യക്തമാക്കി.

ഡല്‍ഹിയിലാണ് ബി.ബി.എഫ്.എസ് ആദ്യത്തെ റെസിഡന്‍ഷ്യല്‍ അക്കാദമി ആരംഭിച്ചത്. ഇവിടെ പത്ത് മലയാളി താരങ്ങള്‍ ഉള്‍പ്പെടെ നൂറോളം കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ടെന്നും ബൂട്ടിയ പറഞ്ഞു.
അക്കാഡമിയുടെ ഔദ്യോഗിക ഫുട്ബാള്‍ ജഴ്സി ലോഞ്ചിങ്ങും നടന്നു. ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി 8943924687 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

Sharing is caring!