കാലിക്കറ്റ് വൈസ് ചാന്‍സലറും പ്രോ-വൈസ് ചാന്‍സലറും മറ്റെന്നാള്‍ പടിയിറങ്ങുന്നു

കാലിക്കറ്റ് വൈസ്  ചാന്‍സലറും പ്രോ-വൈസ്  ചാന്‍സലറും മറ്റെന്നാള്‍ പടിയിറങ്ങുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറും പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹനും നവംബര്‍ 20-ന് പടിയിറങ്ങുന്നു. കഴിഞ്ഞ നാല് വര്‍ഷം സമരകോലാഹലങ്ങളില്ലാതെ പ്രശാന്തമായ ഒരു കാമ്പസ് നിര്‍മ്മിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ അക്കാദമിക രംഗത്ത് മികച്ച സര്‍വകലാശാലകളോട് കിടപിടിക്കുന്ന ഉയരങ്ങളില്‍ കാലിക്കറ്റിനെ എത്തിക്കാന്‍ ഇവര്‍ക്കായി. 2016-ല്‍ നാക് ന്റെ സൈക്കിള്‍ മൂന്ന് അക്രഡിറ്റേഷനില്‍ 3.13 സി.ജി.പി.എ യോടുകൂടി ‘എ’ ഗ്രേഡ് ലഭിക്കുകയും എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ 64-ാം റാങ്ക് കാലിക്കറ്റ് നേടുകയും ചെയ്തു.
പരസ്പരം ചര്‍ച്ചചെയ്തും ആശയങ്ങള്‍ പങ്കുവെച്ചും സര്‍വകലാശാല മികവിന്റെ കേന്ദ്രകമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായിരുന്നു വൈസ് ചാന്‍സലറും പ്രോ-വൈസ് ചാന്‍സലറും. കാമ്പസില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത, കാമ്പസിന്റെയും നാടിന്റെയും പള്‍സറിയുന്ന വൈസ് ചാന്‍സലര്‍ക്ക,് 30 വര്‍ഷത്തിലധികം കാമ്പസില്‍ പഠന-അധ്യാപന രംഗത്ത് തിളങ്ങിനിന്ന മികച്ച ഒരു മാനേജ്മെന്റ് വിദഗ്ധന്‍ കൂടിയായ പ്രൊഫ.പി.മോഹനനെ പ്രോ-വൈസ് ചാന്‍സലറായി ലഭിച്ചത് അനുഗ്രഹവുമായി.
അക്കാദമിക രംഗത്തും സ്പോര്‍ട്സ് രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും കേരളത്തിലെ മറ്റ് സര്‍വകലാശാലകളേക്കാള്‍ കാലിക്കറ്റിനെ മുന്‍പന്തിയിലെത്തിക്കാന്‍ വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍ കൂട്ടുകെട്ടിനായി. സെനറ്റ്, സിണ്ടിക്കേറ്റ് തുടങ്ങി മറ്റ് ബോഡികളുടെയും പൂര്‍ണ്ണ പിന്തുണ ഇതിന് സഹായകമായി. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍, സിലബസ് പരിഷ്‌കരണം എന്നിവക്ക് മുന്‍കൈയ്യെടുത്തു. ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ധാരാളം പുതിയ കോഴ്സുകള്‍ക്ക് തുടക്കം കുറിച്ചതും ഇവരുടെ കാലത്തായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിന് കീഴില്‍ സാമൂഹിക നീതിവകുപ്പിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചതിന് പിന്നില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ പരിശ്രമങ്ങളാണുള്ളത്.
ഐ.ടി.എസ്.ആര്‍ ഗേള്‍സ് ഹോസ്റ്റല്‍, ഓപ്പണ്‍ സ്റ്റേജ്, കമ്പ്യൂട്ടേഷണല്‍ സയന്‍സ് ബ്ലോക്ക്, ഗോള്‍ഡന്‍ ജൂബിലി അക്വാറ്റിക് കോംപ്ലക്സ്, പരീക്ഷാഭവന്‍ അനക്സ്, സ്പോര്‍ട്സ് ഹോസ്റ്റല്‍, ലൈഫ് സയന്‍സ് ബ്ലോക്ക്, അനിമല്‍ ഹൗസ്, ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍, ടീച്ചിംഗ് ലേണിംഗ് സെന്റര്‍ തുടങ്ങിയവ തുടക്കം കുറിച്ച അടിസ്ഥാന വികസന സൗകര്യങ്ങളില്‍ ചിലത് മാത്രം.
സ്പോര്‍ട്സ് മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ കാലിക്കറ്റ് ഒരു സ്പോര്‍ട്സ് സര്‍വകലാശാല ആണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്. മാക്ക ട്രോഫി റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നേടാനായി. അഖിലേന്ത്യാ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് ധാരാളം ട്രോഫികള്‍ കരസ്ഥമാക്കാന്‍ കാലിക്കറ്റിന് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഖൊ-ഖൊ, ഹാന്‍ഡ്ബോള്‍, ഫുട്ബോള്‍, കമ്പവലി തുടങ്ങി എല്ലാ മേഖലകളിലും കാലിക്കറ്റിന് തിളങ്ങാനായി.
സൗമ്യമായ സ്വഭാവഗുണം കൊണ്ട് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒപ്പംനിര്‍ത്തി സര്‍വകലാശാലയെ മികവുറ്റതാക്കാന്‍ വൈസ് ചാന്‍സലറും പ്രോ-വൈസ് ചാന്‍സലറും ശ്രദ്ധിച്ചിരുന്നു.
25 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഡോ.കെ.മുഹമ്മദ് ബഷീര്‍ കേരള സര്‍വകലാശാലാ രജിസ്ട്രാറായി സേവനമനുഷ്ഠിക്കവെയാണ് കാലിക്കറ്റ് വൈസ് ചാന്‍സലറായി ചാര്‍ജ്ജെടുത്തത്. കാമ്പസില്‍ നിന്നുതന്നെ പി.ജിയും പി.എച്ച്.ഡിയും നേടിയ ഡോ.കെ.മുഹമ്മദ് ബഷീര്‍ സര്‍വകലാശാലയുടെ വിവിധ ബോഡികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍, ഇ.എം.ഇ.എ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയാണ്.
ഡോ.പി.മോഹന്‍ സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പില്‍ പ്രൊഫസറായിരിക്കെയാണ് പ്രോ-വൈസ് ചാന്‍സലറായി ചുമതലയേറ്റത്. 30 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഡോ.പി.മോഹന്‍ മികച്ച മാനേജ്മെന്റ് വിദഗ്ധന്‍ കൂടിയാണ്. പി.ജി, പി.എച്ച്.ഡി എന്നിവ കാലിക്കറ്റില്‍ നിന്ന് തന്നെയാണ് നേടിയത്. സ്വാശ്രയ കോളേജ് വിഭാഗം ഡയറക്ടര്‍, കോളേജ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടര്‍, സെനറ്റ് മെമ്പര്‍, പഠനവകുപ്പ് മേധാവി, കൊമേഴ്സ് ഫാക്കല്‍റ്റി ഡീന്‍, കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫോറിന്‍ സ്റ്റുഡന്‍സ് അഫയേഴ്സ് ജോയിന്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമുനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചെലവൂര്‍ സ്വദേശിയാണ് ഡോ.പി.മോഹന്‍.

Sharing is caring!