കൈക്കൂലി പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷത്തിനെത്തിയപ്പോള്‍ വീട്ടില്‍നിന്നും ഇറങ്ങിയോടി റവന്യൂ ജീവനക്കാരന്‍

കൈക്കൂലി പരാതിയെ തുടര്‍ന്ന്  വിജിലന്‍സ് അന്വേഷത്തിനെത്തിയപ്പോള്‍ വീട്ടില്‍നിന്നും ഇറങ്ങിയോടി റവന്യൂ ജീവനക്കാരന്‍

മലപ്പുറം: കൈക്കൂലി പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷത്തിനെത്തിയപ്പോള്‍ വീട്ടില്‍നിന്നും ഇറങ്ങിയോടി റവന്യൂ ജീവനക്കാരന്‍. വ്യാപകമായ കൈക്കൂലിയവാങ്ങി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടര്‍ന്നാണ് റവന്യൂ ജീവനക്കാരന്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ വിജിലന്‍സ് റെയ്ഡിനെത്തിയത്. എന്നാല്‍ വിജിലന്‍സ് സംഘം വീടിന് മുമ്പിലെത്തിയത് കണ്ടതോടെ ജീവനക്കാരന്‍ വീട്ടില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു.

നിലമ്പൂര്‍ താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കായ ഉമ്മര്‍ താമസിക്കുന്ന മമ്പാട് നടുവക്കാടിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇന്നു രാവിലെ ഏഴുമണിയോടെ കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈഎസ്പി: എസ്. ഷാനവാസ്, സി.ഐ.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ 22 അംഗ സംഘം ക്വാര്‍ട്ടേഴ്സിലെത്തിയത്.
പോലീസ് വാഹനങ്ങള്‍ കണ്ടു അപകടം മണത്തതോടെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉമ്മര്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു.

എടവണ്ണ പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നു പോലീസ്, ഇയാളുടെ ക്വാര്‍ട്ടേഴ്സില്‍ പരിശോധന നടത്തി. രണ്ടു വര്‍ഷം മുമ്പു ഇയാള്‍ കരുളായി വില്ലേജില്‍ ജോലി ചെയ്ത സമയത്ത് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടന്നുകൊണ്ടിരിക്കെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഉമ്മറിനെക്കുറിച്ചു വ്യാപക പരാതികള്‍ ഉയരുകയും പണം നല്‍കിയവര്‍ രേഖാമൂലം വിജിലന്‍സിനു നല്‍കിയ പരാതിയിലുമാണ് പരിശോധന നടക്കുന്നത്.ഇയാളുടെ സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വാടക ക്വാര്‍ട്ടേഴ്സില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ പരിശോധന ആരംഭിച്ചത്. നിലന്പൂര്‍ താലൂക്കില്‍ നിന്നു ഒരാഴ്ച മുന്പ് ഇയാള്‍ സര്‍വേ വിഭാഗത്തിലേക്കു സ്ഥലം മാറി പോയതായി നിലന്പൂര്‍ തഹസില്‍ദാരും അറിയിച്ചു.

Sharing is caring!