റി ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഒരു പണിയും നടന്നിട്ടില്ലെന്ന് പി.കെ ബഷീര്‍ എം.എല്‍.എ

റി ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഒരു പണിയും നടന്നിട്ടില്ലെന്ന്  പി.കെ ബഷീര്‍ എം.എല്‍.എ

തിരുവനന്തപുരം: നൂറ്റാണ്ടിലെ മഹാപ്രളയത്തിനു ശേഷം നവകേരള നിര്‍മിതിക്കായി രൂപീകരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ പദ്ധതികള്‍ നിര്‍വഹണഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. സഭയുടെ ശ്രദ്ധക്ഷണിച്ച് കൊണ്ട് പി.കെ ബഷീര്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിവെക്കുന്നതായിരുന്നു മഖ്യമന്ത്രിക്കുവേണ്ടി മറപുടി പറഞ്ഞ മന്ത്രി ഇ.പി.ജയരാജന്റെ വാക്കുകള്‍.
31,000 കോടി രൂപയുടെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഇതുവരെ ഒരു പണിയും ആരംഭിച്ചിട്ടില്ലെന്ന് ശ്രദ്ധക്ഷണിച്ചു കൊണ്ട് പി.കെ ബഷീര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിനിയോഗിക്കേണ്ട പണം വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലോക് ബാങ്കിന്റെയും ജര്‍മനിയുടേയും പണം കിട്ടുമെന്ന് പറഞ്ഞു. അവിടെ നിന്നും പ്രതിനിധികള്‍ എത്തുമ്പോള്‍ അവരുമായി ചര്‍ച്ച നടത്തുന്നതിന് മാത്രമായി വലിയ ഓഫീസുണ്ടാക്കി സാമ്പത്തിക ധൂര്‍ത്ത് നടത്തുകയാണ് സര്‍ക്കാര്‍. ഒരു തവണ വരുന്ന അവര്‍ക്കായി ലക്ഷങ്ങള്‍ ചെലവിടേണ്ടതുണ്ടോയെന്ന് ബഷീര്‍ ചോദിച്ചു.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ആയിരം കോടി രൂപ അനുവദിച്ചെന്നാണ് ധനമന്ത്രി പറഞ്ഞത്. കേരളത്തിലെവിടേയും ഈ പദ്ധതിയില്‍ ഒരു റോഡിന്റെയും പണി ഇതുവരെ ആരംഭിച്ചിട്ടില്ല. പഞ്ചായത്തുകള്‍ ജില്ലാ ആസൂത്രണ സമിതികള്‍ക്ക് പദ്ധതികള്‍ സമര്‍പ്പിച്ച് കാലങ്ങളായി. പദ്ധതി നിര്‍വഹണത്തിന് ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പറയുന്നത് തെറ്റാണ്. എല്ലാ പഞ്ചായത്തുകളിലും എഞ്ചിനിയറും സബ് എഞ്ചിനിയറുമുണ്ട്. മലപ്പുറം ജില്ലയില്‍ റി ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായ സ്ഥിതിയാണ്. റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് താല്‍ക്കാലിക പരിഹാരമെങ്കിലും ഉണ്ടാകണം. റിബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളുടെ പഠനത്തിനായി ഒമ്പത് മാസത്തോളം ചെലവിട്ട സര്‍ക്കാര്‍ ഇപ്പോള്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ പണി ആരംഭിക്കുമെന്നാണ് പറയുന്നത്. പണം വകയിരുത്തിയ റോഡ് പുനരുദ്ധാരണ പദ്ധതികളില്‍ പ്രവൃത്തി വേഗത്തിലാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പണി തുടങ്ങിയാലും ഒരു വര്‍ഷം കഴിഞ്ഞാണ് പണം നല്‍കുന്നതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ബഷീര്‍ പറഞ്ഞു.
പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഗതാഗതം, വനം, മത്സ്യബന്ധനം എന്നീ വകുപ്പുകളുടെ 951.6 കോടി രൂപയുടെ പദ്ധതികള്‍ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു. റോഡുകളില്‍ അറ്റക്കുറ്റ പണി നടത്തുന്നതിന് പകരം സമഗ്രമായി പുനര്‍നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
ശ്രദ്ധക്ഷണിക്കലിന് മറുപടി പറയേണ്ട മുഖ്യമന്ത്രി സഭയിലില്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയ ശേഷമാണ് പി.കെ ബഷീര്‍ വിഷയാവതരണം നടത്തിയത്.

Sharing is caring!