സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ കരുത്തരായ തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മലപ്പുറത്തിന് കിരീടം

മലപ്പുറം: കാല്‍പ്പന്തിനെ ഹൃദയമാക്കിയ മലപ്പുറം മൈതാനത്ത് വീണ്ടുമുയര്‍ന്നു. സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ പെരുമ കാത്ത് ആതിഥേയര്‍. ആവേശ പോരാട്ടത്തില്‍ കരുത്തരായ തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് കിരീടം. സ്വന്തം മൈതാനത്ത് കിരീടം നിലനിര്‍ത്താന്‍ മലപ്പുറവും തോല്‍ക്കില്ലെന്നുറപ്പിച്ച് തിരുവനന്തപുരവും മികച്ച പ്രകടനവുമായി കളംനിറഞ്ഞപ്പോള്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആവേശക്കാഴ്ച. നിരന്തരം എതിര്‍ ഗോള്‍മുഖത്തേക്ക് പന്തുമായി കുതിച്ച ആതിഥേയര്‍ 10-ാം മിനിറ്റില്‍ പി ജിഷ്ണുവിന്റെ അതിസുന്ദര ?ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇടതുപാര്‍ശ്വത്തിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ അനസ് മലപ്പുറത്തിന്റെ ലീഡ് ഉയര്‍ത്തി. രണ്ട് ഗോള്‍ നേടിയതോടെ മലപ്പുറം പ്രതിരോധം കാക്കാന്‍ പിന്നോട്ടിറങ്ങിയതോടെ തിരുവനന്തപുരം ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 68-ാം മിനിറ്റില്‍ രാഹുല്‍ രാജുവിലൂടെ തിരുവനന്തപുരം തിരിച്ചടിച്ചു. അവസാന വിസില്‍വരെ ലീഡ് നഷ്ടപ്പെടാതിരിക്കാന്‍ മലപ്പുറം നന്നേ പ്രയാസപ്പെട്ടു. തുടക്കത്തില്‍ ലഭിച്ച ആധിപത്യത്തിന്റെ ബലത്തില്‍ ടീം കിരീടം ഉറപ്പിച്ചു. കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ തോല്‍പ്പിച്ചായിരുന്നു വിജയം. കെഎഫ്എ പ്രസിഡന്റ് ടോം ജോസ് കുന്നേല്‍, ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ എന്നിവര്‍ ട്രോഫി വിതരണംചെയ്തു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *