സൗദി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബജറ്റ് അടുത്ത വര്‍ഷം

സൗദി  ചരിത്രത്തിലെ  ഏറ്റവും വലിയ രണ്ടാമത്തെ  ബജറ്റ് അടുത്ത വര്‍ഷം

റിയാദ്: അടുത്ത വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന സഊദിയുടെ വരവ് ചെലവ് കണക്കുകള്‍ ധനമന്ത്രി അവതരിപ്പിച്ചു. സഊദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആനാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചത്. സഊദി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബജറ്റാകും അടുത്ത വര്‍ഷത്തേത് എന്ന് ധനമന്ത്രി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശികളില്‍ നിന്നും ലഭിക്കുന്ന ലെവിയും വിനോദ മേഖലയില്‍ നിന്നടക്കം എണ്ണേതര വരുമാനവുമാണ് അടുത്ത വര്‍ഷവും പ്രതീക്ഷിക്കുന്നത്. 1020 ബില്യണ്‍ റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട പദ്ധതികള്‍ തുടരുമെന്നും വ്യക്തമാക്കുന്നു. 1048 ബില്യണ്‍ റിയാല്‍ ചെലവും 917 ബില്യണ്‍ റിയാല്‍ വരവും ആണ് ഈ വര്‍ഷത്തെ ബജറ്റില്‍ കണക്കാക്കുന്നത്. 131 ബില്യണ്‍ റിയാലിന്റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത വര്‍ഷത്തെ ബജറ്റില്‍ ചെലവ് 1,020 ബില്യണ്‍ റിയാലും വരവ് 833 ബില്യണ്‍ റിയാലുമാണ് കണക്കാക്കുന്നത്. എന്നാല്‍, ചെലവ് ഈ വര്‍ഷത്തെ അപേക്ഷിച്ച് 2,800 കോടി റിയാല്‍ കുറവായിരിക്കും. 187 ബില്യണ്‍ റിയാലിന്റെ കമ്മി ഇതിലുണ്ടാകും. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന കമ്മിയെക്കാള്‍ 42.7 ശതമാനം കൂടുതലാണിത്. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന കമ്മി 13,100 കോടി റിയാലാണ്. സാമ്പത്തിക അച്ചടക്കവും സ്ഥിരതയും പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പൊതു ചിലവ് കുറക്കുമെന്ന് വ്യക്തമാക്കുന്നു. ആകെയുള്ള കണക്കില്‍ എണ്ണ വരുമാനത്തില്‍ ജിഡിപിയില്‍ മൂന്ന് ശതമാനം കുറവ് ഇത്തവണയുണ്ട്. അതേ സമയം എണ്ണേതര വരുമാനത്തില്‍ 2.9 ശതമാനം വളര്‍ച്ച തുടരുകയും ചെയ്യുന്നു. വിദേശികളില്‍ നിന്നുള്ള ലെവിയടക്കം പ്രധാന വരുമായി തുടരും. നേരത്തെ പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ക്ക് പുറമെ, ഭവനപദ്ധതി, ജീവിത നിലവാരമുയര്‍ത്തല്‍, സ്വകാര്യവത്കരണം എന്നിവ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

Sharing is caring!