പി കെ ബഷീര്‍ ആവശ്യപ്പെട്ടു ഇ പി ജയരാജന്‍ സമ്മതം മൂളി

എടവണ്ണ: ഏറനാട് മണ്ഡലത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജൻ. പത്തപ്പിരിയം സർക്കാർ യു പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അധ്യക്ഷത വഹിച്ച പി കെ ബഷീർ എം എൽ എയുടെ ആവശ്യപ്രകാരമാണ് ഫുട്ബോളിനെ സ്നേഹിക്കുന്ന ഏറനാടിന് സർക്കാർ ഫുട്ബോൾ അക്കാദമി സമ്മാനിച്ചത്. എടവണ്ണ സീതിഹാജി സ്റ്റേഡിയം കേന്ദ്രീകരിച്ച് അ​ക്കാദമി സ്ഥാപിക്കുമെന്ന് പി കെ ബഷീർ എം എൽ എ അറിയിച്ചു.

രാജ്യത്ത് തന്നെ ഫുട്ബോളിന് ഏറ്റവും വളക്കൂറുള്ള മണ്ണായ ഏറനാട്ടിൽ അക്കാദമി വരുന്നത് ഭാവി തലമുറയ്ക്ക് ​ഗുണകരമാകുമെന്ന് പി കെ ബഷീർ എം എൽ എ പറഞ്ഞു. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കൽ അടുത്ത ദിവസം തന്നെ തുടങ്ങും. ഈ രൂപരേഖ സർക്കാരിലേക്ക് സമർപ്പിക്കുന്നതോടെ അക്കാദമി സ്ഥാപിക്കുന്നതിനായുള്ള ഔദ്യോ​ഗിക ശ്രമങ്ങൾ സർക്കാർ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

ഏറനാട് മണ്ഡലത്തിലെ യു പി വിഭാ​ഗം സ്കൂളുകളിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട പത്തപ്പിരിയം സ്കൂളിൽ 1 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. എട്ട് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്.

എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബി വി ഉഷാ നായർ, വൈസ് പ്രസിഡന്റ് എ അഹമ്മദ് കുട്ടി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ ബഷീർ, വാർഡ് മെംബർ വി പി ലുഖ്മാൻ, മെംബർമാരായ മൈമുന ഉസ്മാൻ മദനി, രഞ്ജിഷ, വി ലുഖ്മാൻ എസ് ഡബ്ളിയു സി ചെയർമാൻ വി അർജുൻ, എ പി ജവഹർ സാദത്ത്, കെ സുലൈമാൻ, പ്രധാന അധ്യാപകൻ കെ കെ പുരുഷോത്തമൻ സ്വാ​ഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് വി മുജീബ് റഹ്മാൻ നന്ദി രേഖപ്പെടുത്തി.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *