സന്തോഷ് ട്രോഫിയില്‍ തമിഴ്നാടിനായി പന്തുതട്ടാന്‍ മലപ്പുറത്തുകാരന്‍ അലി സഫ്വാന്‍

സന്തോഷ് ട്രോഫിയില്‍  തമിഴ്നാടിനായി പന്തുതട്ടാന്‍ മലപ്പുറത്തുകാരന്‍ അലി സഫ്വാന്‍

കൊണ്ടോട്ടി: സന്തോഷ് ട്രോഫിയില്‍ തമിഴ്നാട് കളിക്കാനിറങ്ങുമ്പോള്‍ ലെഫ്റ്റ് വിങ് ബാക്ക് സ്ഥാനത്ത് പന്ത് തട്ടാന്‍ മലയാളിയായ അലി സഫ്വാനുണ്ടാകും. അരിമ്പ്രയിലെ മിഷന്‍ സോക്കര്‍ അക്കാദമിക്കും ഒളവട്ടൂര്‍ ഗ്രാമത്തിനും സന്തോഷത്തിന് വകനല്‍കിയാണ് അലി സഫ്വാന്‍ (22) തമിഴ്‌നാട് ഫുട്‌ബോള്‍ ടീമില്‍ ഇടംനേടിയത്. തമിഴ്നാട് ടീമലെ ഏക മലയാളി സാന്നിധ്യമാണ് സഫ്വാന്‍. നവംബര്‍ നാലിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫിയില്‍ കേരളവും ആന്ധ്രയും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് തമിഴ്‌നാട്.
കോയമ്പത്തൂര്‍ നെഹ്‌റു കോളേജ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും എംബിഎ വിദ്യാര്‍ഥിയുമാണ്. അരിമ്പ്രയിലെ സി ടി അജ്മലിന്റെ കീഴില്‍ മിഷന്‍ സോക്കര്‍ അക്കാദമിയിലൂടെയാണ് കളിച്ചുവളര്‍ന്നത്. ഒളവട്ടൂര്‍ യതീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഒളവട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠനം കഴിഞ്ഞാണ് അലി സഫ്വാന്‍ കോയമ്പത്തൂര്‍ നെഹ്‌റു കോളേജില്‍ ബിബിഎക്ക് ചേര്‍ന്നത്.
ഏറനാട് ഫൈറ്റേഴ്‌സ് എഫ്‌സി, കണ്ണൂര്‍ ലക്കി സ്റ്റാര്‍, മഞ്ചേരി എവര്‍ ഗ്രീന്‍ സ്‌പോര്‍ട്‌സ് ക്ലബ് എന്നീ ടീമുകളിലൂടെയാണ് വരവറിയിച്ചത്. ഒളവട്ടൂര്‍ മങ്ങാട്ടുമുറിയിലെ എം എം അലവിക്കുട്ടിറുബീന ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് അലി സഫ്വാന്‍.

Sharing is caring!