സന്തോഷ് ട്രോഫി കേരളാടീമില്‍ മലപ്പുറത്തിന് അഭിമാനമായിമൂവര്‍ സംഘം

മലപ്പുറം: കാല്‍പ്പന്തുകളിയില്‍ മലപ്പുറത്തിന്റെ പെരുമ കാത്തുസൂക്ഷിക്കാന്‍ ജിഷ്ണുവും റിഷാദും ഷിഹാദും ഇറങ്ങുമ്പോള്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്രതീക്ഷയേറുകയാണ്. കഴിഞ്ഞ വര്‍ഷം കേരളത്തിന് കൈവിട്ടുപോയ സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ കേരളം ഇറങ്ങുമ്പോള്‍ ടീമിന് കരുത്തായി മലപ്പുറത്തുനിന്ന് മൂന്നുപേര്‍ ടീമിലുണ്ട്. കാവുങ്ങല്‍ സ്വദേശി ജിഷ്ണു ബാലകൃഷ്ണന്‍, മഞ്ചേരി സ്വദേശി ഷിഹാദ് നെല്ലിപ്പറമ്പന്‍, തിരൂരുകാരന്‍ റിഷാദ് എന്നിവരാണ് ടീമിലിടം നേടിയത്. റിഷാദും ഷിഹാദും തുടക്കക്കാരാണെങ്കില്‍ ജിഷ്ണു ബാലകൃഷ്ണന്‍ രണ്ടാംതവണയാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍നിന്ന് നാലുപേരുണ്ടായിരുന്നു.
നെല്ലിപ്പറമ്പന്‍ അബൂബക്കര്‍–സഫിയ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഷിഹാദ്. മൂന്നുവര്‍ഷമായി ഗോകുലം കേരളാ എഫ്‌സിക്ക് കളിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. കൊല്‍ക്കത്ത യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിലൂടെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗിലും കളിച്ചു. ഷഫീക്ക്, സല്‍മാന്‍, ഷഹദ്, ലിയാന എന്നിവരാണ് സഹോദരങ്ങള്‍.
സാറ്റ് തിരൂരിന്റെ മധ്യനിര താരമാണ് റിഷാദ്. തിരൂര്‍ പറവണ്ണ പഴയപുത്തന്‍വീട്ടില്‍ മുഹമ്മദ്കുട്ടി–ലൈല ദമ്പതികളുടെ മകനാണ്. ആലത്തിയൂര്‍ കെഎച്ച് എംഎച്ച്എസ്എസിലൂടെയാണ് അരങ്ങേറ്റം. ഇരുപത്തിനാലുകാരനായ റിഷാദ് ഇതിനകം മുംബൈ എഫ്‌സി (അണ്ടര്‍- 19), ഫിഫ കൊളോബോ മുംബൈ, ഡിഎസ്‌കെ ശിവാജിയന്‍സ് തുടങ്ങിയ ക്ലബ്ബുകളിലും മിനര്‍വ പഞ്ചാബിലും കൊല്‍ക്കത്ത മോഹന്‍ ബഗാനിലും കളിച്ചു.
കേരളാ ബ്ലാസ്റ്റേഴ്സ് താരമായ ജിഷ്ണു വിങ് ബാക്കാണ്. കാവുങ്ങല്‍ അരിപ്പറമ്പില്‍ ബാലകൃഷ്ണന്‍,- രതി ദമ്പതികളുടെ മകനായ ജിഷ്ണു മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിലാണ് കളിച്ചുതുടങ്ങിയത്. സുബ്രതോ കപ്പിലും കളിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മഞ്ചേരി എന്‍എസ്എസ് കോളേജിലെത്തി. ഗോകുലം കേരളാ എഫ്‌സി കടമെടുത്തതോടെ ഐ ലീഗിലും കളിച്ചു. വിഷ്ണു, വൈഷ്ണവ് എന്നിവരാണ് സഹോദരങ്ങള്‍.
ജിഷ്ണുവും ഷിഹാദും എംഎസ്പി കളരിയിലാണ് കളിപഠിച്ചത്. ടീമിലിടം നേടിയ വയനാട് സ്വദേശി എമില്‍ ബെന്നിയും എംഎസ്പി താരമാണ്. കേരള പൊലീസിലെ വിപിന്‍, ശ്രീരാഗ്, സഞ്ജു എന്നിവരും ടീമിലിടം പിടിച്ചു.

Sharing is caring!