പി.വി അന്‍വര്‍ എം.എല്‍.എയുടെ തടയണക്കെതിരായ പരാതിക്കാരനെ വധിക്കാന്‍ ക്വട്ടേഷന്‍; പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണക്കെതിരായ പരാതിക്കാരനായ മാധ്യമപ്രവര്ത്തകന് എം.പി വിനോദിന്് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്. പരാതിക്കാരനെ വെട്ടിക്കൊല്ലാന്‍ പി.വി അന്‍വര്‍ എം.എല്‍.എ ക്വട്ടേഷന്‍ നല്‍കിയെന്ന ക്രിമനല്‍കേസ് പ്രതിയുടെ ഓഡിയോ സംഭാഷണമടങ്ങിയ പരാതിയും കക്കാടംപൊയിലില്‍ വച്ച് സാംസ്ക്കാരിക അന്വേഷണ യാത്രയിലെ അംഗമായ വിനോദിന് നേരെയുണ്ടായ അക്രമവും കണക്കിലെടുത്താണ് പരാതിക്കാരനും കുടുംബത്തിനും സ്വത്തുവകകള്‍ക്കും പോലീസ് സംരക്ഷണം നല്കാന് മലപ്പുറം ജില്ലാ ചീഫിനോട് ജസ്റ്റിസ് പി.ബി സുരേഷ്കുമാര്‍ ഉത്തരവിട്ടത്.
നിയമവിരുദ്ധമായ തടയണക്കെതിരെ പരാതിനല്കിയയാളെ ഇല്ലാതാക്കാനുള്ള നീക്കം അതീവഗുരുതരമാണെന്നും ആശങ്കപ്പെടുത്തുന്നതാണെന്നും വിലയിരുത്തിയാണ് കോടതി ഉത്തരവ്. കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ, സ്റ്റേറ്റ് പോലീസ് ചീഫ്, മലപ്പുറം ജില്ലാ പോലീസ് ചീഫ്, നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് നോട്ടീസയക്കാനും ഉത്തരവിട്ടു. പരാതിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ബെച്ചു കുര്യന്‍തോമസ്, ജോര്‍ജ് എ.ചെറിയാന് എന്നിവര്‍ ഹാജരായി.
പി.വി അന്‍വര്‍ എം.എല്‍.എയും നിലമ്പൂര്‍ സ്വദേശി എരഞ്ഞിക്കല്‍ ഇസ്മയിലും അന്‍വറിനെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സദാബിന്റെ ഓഡിയോ സന്ദേശം സഹിതം ഇക്കഴിഞ്ഞ അഞ്ചിന് വിനോദ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് കക്കാടംപൊയിയിലെ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ കാണാനെത്തിയ എം.എന്‍ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്ക്കാരിക അന്വേഷണയാത്രയില്‍ അംഗമായ വിനോദിന് നേരെ ആക്രമണമുണ്ടായത്. മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും രേഖകളും തട്ടിയെടുക്കുകയും ചെയ്തു. പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണക്കെതിരെ വാര്‍ത്ത നല്‍കിയതിന് കൈയ്യുംകാലും വെട്ടുമെന്ന് 2017ല്‍ അന്‍വറിന്റെ പാര്‍ക്ക് മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് തടയണക്കെതിരെ വിനോദ് മലപ്പുറം കളക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ കളക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്ലത്തീഫിന്റെ ഹരജിയില്‍ ഹൈക്കോടതി കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഈ കേസില്‍ വിനോദ് കക്ഷിചേര്‍ന്നതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടയണപൊളിച്ച് വെള്ളം പൂര്‍ണമായും തുറന്നുവിടാന്‍ ഉത്തരവിട്ടത്.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]