കൊലക്കേസ് പ്രതി വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍

കൊലക്കേസ് പ്രതി  വിഷം അകത്തു ചെന്ന്  മരിച്ച നിലയില്‍

മഞ്ചേരി : കൊലക്കേസ് പ്രതിയെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചന്തക്കുന്ന് മൈലാടി പഴങ്കുളത്ത് മുഹമ്മദിന്റെ മകന്‍ സലീം (52) ആണ് മരണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക് കരുളായി നിലമ്പതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവായ നിലമ്പതി മുണ്ടമ്പ്ര മുഹമ്മദലി(55)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് മരിച്ച സലീം. 2017 ലായിരുന്നു കൊലപാതകം. ബന്ധുവായ മുഹമ്മദലിക്ക് സലീം നാലര ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഇത് തിരിച്ച് നല്‍കാത്തതിലുള്ള വിരോധം മൂലം മുഹമ്മദലിയെ കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിന്റെ വീചാരണ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് സലീമിന്റെ അസ്വാഭാവിക മരണം. കൊല്ലപ്പെട്ട മുഹമ്മദലിയുടെ വീട്ടുപരിസരത്താണ് സലീമിന്റെ മൃതദേഹം കാണപ്പെട്ടത്. ഇതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. പൂക്കോട്ടുംപാടം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി നിലമ്പൂര്‍ ചന്തക്കുന്ന് വലിയ ജുമാമസ്ജിദില്‍ രാത്രി ഒമ്പതരയോടെ ഖബറടക്കി. ഭാര്യ : ഹഫ്സ, മക്കള്‍: ഹിഷാം, ആഷിഖ്.

Sharing is caring!